ഓണം ഫെയർ 2023: സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവെന്ന് ജി.ആർ അനിൽ
text_fieldsതിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതൽ 28വരെ സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവുണ്ടായെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ 1527 വില്പനശാലകളിലായാണ് ഓണം ഫെയർ നടന്നത്. 14 ജില്ലാ ഫെയറുകളിൽ മാത്രം 6.5 കോടിയുടെ വില്പന നടന്നു. മുൻ വർഷമിത് 2.51 കോടിയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗം 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനായാണ് പ്രധാനമായും സപ്ലൈകോയെ ആശ്രയിക്കുന്നത്. എല്ലാ സബ്സിഡി ഉൽപ്പന്നങ്ങളും സപ്ലൈകോയുടെ ജില്ലാ ഫെയറുകളിൽ ലഭ്യമാണെന്ന് ഉറപ്പ് വരുത്തുവാൻ സർക്കാരിന് കഴിഞ്ഞു.
പൊതു വിപണിയിൽ 1200 രൂപയോളം വിലയുള്ള 13 ഇനം ആവശ്യസാധനങ്ങൾ നിശ്ചിത അളവിൽ സപ്ലൈകോ വിൽപ്പനശാലകളിൽ ഏകദേശം 650 രൂപക്കാണ് ലഭിക്കുന്നത്.
ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് 10 നാളുകളിലായി ഏകദേശം 32 ലക്ഷം കാർഡുടമകൾ സംസ്ഥാനത്തെ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി എത്തി. റേഷൻ കടകളിലൂടെ ആഗസ്റ്റ് മാസം 83 ശതമാനം പേർ അവരുടെ റേഷൻ വിഹിതം കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.