ഓണസമ്മാന വിവാദം: ചെയർപേഴ്സനെ ഓഫിസിൽ കയറുന്നത് വിലക്കി നഗരസഭ സെക്രട്ടറി
text_fieldsകാക്കനാട്: തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഓഫിസ് മുറിയിൽ പ്രവേശിക്കുന്നത് വിലക്കി നഗരസഭ അധികൃതർ ചെയർപേഴ്സെൻറ ചേംബർ പൂട്ടി. അധ്യക്ഷ ഉൾെപ്പടെയുള്ളവർ അകത്ത് പ്രവേശിക്കുന്നത് വിലക്കി ചേംബറിെൻറ വാതിലിൽ നഗരസഭ സെക്രട്ടറി നോട്ടീസും പതിച്ചിട്ടുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട സി.സി.ടി.വി കാമറ ദൃശ്യങ്ങൾ, ഹാർഡ് ഡിസ്കുകൾ എന്നിവ സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് നടപടി. വിജിലൻസ് നിർദേശപ്രകാരമാണ് സെക്രട്ടറിയുടെ നടപടി.കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വിജിലൻസ് സംഘം നഗരസഭ ഓഫിസിൽ 10 മണിക്കൂർ പരിശോധന നടത്തിയിരുന്നു. ഹാർഡ് ഡിസ്ക് അടക്കമുള്ളവ സൂക്ഷിച്ച സെർവർ റൂം അധ്യക്ഷയുടെ ചേംബറിനകത്താണ്. തുടർന്ന് തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് രേഖാമൂലം നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് തെളിവുകൾ സുരക്ഷിതമാക്കുന്നതിനായി ചേംബറിൽ ആരും പ്രവേശിക്കാൻ പാടില്ലെന്ന് ചൊവ്വാഴ്ച രാവിലെ നഗരസഭ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ നോട്ടീസ് പതിച്ചത്. മുനിസിപ്പൽ ആക്ട്, വകുപ്പ് 228 പ്രകാരമായിരുന്നു നടപടി.
വെള്ളിയാഴ്ച വൈകീട്ട് മുതൽ ഓഫിസ് പൂട്ടിയ നിലയിലാണ്. ഓണസമ്മാനമായി നഗരസഭ അധ്യക്ഷ കൗൺസിലർമാർക്ക് പണം നൽകി എന്ന് പറയുന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു വെള്ളിയാഴ്ച വിജിലൻസ് സംഘം പരിശോധിച്ചത്. നിരവധി കൗൺസിലർമാർ പോസ്റ്റൽ കവറുകളുമായി അധ്യക്ഷയുടെ മുറിയിൽനിന്ന് ഇറങ്ങുന്നതിെൻറ ദൃശ്യങ്ങളാണ് പരിശോധനയിൽ ലഭിച്ചത്. പരിശോധന സമയത്ത് ഓഫിസിൽ ഹാജരായിരുന്ന ഓഫിസ് സൂപ്രണ്ട്, അസി.എക്സിക്യൂട്ടിവ് എൻജിനീയർ, റവന്യൂ ഇൻസ്പെക്ടർ തുടങ്ങിയ നഗരസഭ ഉദ്യോഗസ്ഥരിൽ നിന്നാണ് ഇവരുടെ പേരുകളും വാർഡ് നമ്പറും വിജിലൻസ് ശേഖരിച്ചത്.അതിനിടെ, ചെയർപേഴ്സെൻറ മുറി പൂട്ടാൻ സെക്രട്ടറിക്ക് അധികാരമുണ്ടോ എന്ന ചോദ്യവും ബലപ്പെട്ടിട്ടുണ്ട്.
അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടില്ലെന്ന് വിജിലൻസ്
കാക്കനാട്: നഗരസഭ ചെയർപേഴ്സെൻറ ചേംബർ അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടില്ലെന്ന് അന്വേഷണസംഘം. അത്തരമൊരു സംഭവം നടന്നതായി തങ്ങൾക്കറിയില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം നിർദേശം നൽകുക മാത്രമാണ് ചെയ്തത്. പല ആവശ്യങ്ങൾക്ക് നിരവധിയാളുകൾ സന്ദർശിക്കുന്ന സർക്കാർ ഓഫിസ് പൂട്ടിയിടണമെന്ന് നിർദേശിക്കാനുള്ള അധികാരം തങ്ങൾക്കെന്നല്ല ഒരു അന്വേഷണ ഏജൻസിക്കും ഇല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.