ഓണക്കിറ്റിലെ തൂക്കവെട്ടിപ്പ്; കരാർ കമ്പനികൾക്കെതിരെ നടപടിയുമായി സപ്ലൈകോ
text_fieldsതിരുവനന്തപുരം: ഓണക്കിറ്റിലേക്കുള്ള ശർക്കരയിൽ തൂക്കവെട്ടിപ്പ് നടത്തിയ കരാർ കമ്പനികൾക്കെതിരെ നടപടിയുമായി സപ്ലൈകോ. കുറവുള്ള ശർക്കരയും അത് റീ പായ്ക്ക് ചെയ്യാൻ വേണ്ടിവരുന്ന ചെലവും കരാറുകാരിൽനിന്ന് ഈടാക്കാനാണ് തീരുമാനം. കിറ്റ് വിതരണം പൂർത്തിയായ ശേഷമേ പിഴ എത്ര ഈടാക്കണമെന്ന് തീരുമാനിക്കൂ. പാക്കിങ് ചാർജായി ഒാരോ കിറ്റിനും 1.40 രൂപ അധികമായി വിതരണക്കാരിൽനിന്ന് ഇടാക്കുമെന്നും സപ്ലൈകോ എം.ഡി അസ്കർ അലി പാഷ അറിയിച്ചു.
ഓണക്കിറ്റിലെ പല സാധനങ്ങൾക്കും തൂക്കക്കുറവുണ്ടെന്ന് കഴിഞ്ഞദിവസം വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ആഗസ്റ്റ് 11ന് തന്നെ ശർക്കരയിലെ തൂക്കക്കുറവ് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് അസ്കർ അലി പാഷ 'മാധ്യമ'ത്തോട് പറഞ്ഞു. കുറവ് കണ്ടെത്തിയ വിതരണക്കാരിൽനിന്ന് പിഴയീടാക്കുമെന്ന് അറിയിച്ച് 12ന് നോട്ടീസ് നൽകി. മാണ്ഡ്യയിൽ നിന്നെത്തിയ ശർക്കര ലോഡുകളിലാണ് വൻ കുറവുണ്ടായത്. ബാഷ്പീകരണം വഴി ശർക്കര അലിഞ്ഞ് ഇല്ലാതാകുന്നുവെന്നാണ് വിതരണക്കാർ പറയുന്നത്. എന്നാൽ ഇത് സപ്ലൈകോ തള്ളിക്കളഞ്ഞതായും എം.ഡി പറഞ്ഞു. കിറ്റ് വിതരണം തടസ്സപ്പെടുമെന്നതിനാൽ കരാറുകാർക്കെതിരെ തൽക്കാലം കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടെന്നാണ് തീരുമാനം.
കുറവുള്ള പാക്കറ്റിൽ ശേഷിച്ച അളവ് നിറച്ച് തൽക്കാലം റീ പായ്ക്ക് ചെയ്ത് നൽകും. അധിക ശർക്കരയുടെ വില കരാറുകാരിൽ നിന്ന് ഈടാക്കും. വിതരണം പൂർത്തിയായ ശേഷം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതടക്കം കാര്യം ആലോചിക്കും. പിങ്ക് കാർഡുകാർക്കുള്ള കിറ്റ് റേഷൻകടകളിൽ എത്തിച്ചുകഴിഞ്ഞു. നീല/ വെള്ള കാർഡുകാർക്കുള്ള കിറ്റിലെങ്കിലും പോരായ്മ പരിഹരിക്കാനാണ് നീക്കം.
മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി
തിരുവനന്തപുരം: ഒാണക്കാലത്ത് എല്ലാ കാർഡ് ഉടമകൾക്കും 500 രൂപയുടെ ഓണക്കിറ്റാണ് വിതരണം ചെയ്യുകയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സപ്ലൈകോ. സർക്കാർ നൽകിയ ഉത്തരവിൽ 500 രൂപക്ക് താഴെ 11 ഇനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കിറ്റെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂവെന്നും വിലയോ തൂക്കമോ സൂചിപ്പിച്ചിരുന്നില്ലെന്നും സപ്ലൈകോ എം.ഡി അസ്ഗർ അലി പാഷ അറിയിച്ചു. കിറ്റിെൻറ പാക്കിങ് ചാര്ജ് 5.60 രൂപയാണ്.
ഗതാഗത ചാർജും കയറ്റിറക്ക് കൂലിയും റേഷൻ വ്യാപാരികൾക്കുള്ള കമീഷനും നല്കേണ്ടതുണ്ട്. വിതരണം നടത്തിക്കഴിഞ്ഞാലേ ഒരു കിറ്റിന് എത്ര ചെലവുവരുമെന്ന് അറിയാനാവൂ. മത്സ്യത്തൊഴിലാളിയുടെ കിറ്റിന് സർക്കാർ 1000 രൂപ പറഞ്ഞിരുന്നെങ്കിലും 679 രൂപയാണ് ചെലവായതെന്ന് എം.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.