ഓണം മേള; 28.47 കോടിയുടെ നേട്ടവുമായി കുടുംബശ്രീ
text_fieldsതിരുവനന്തപുരം: ഓണത്തിന് കുടുംബശ്രീ നേതൃത്വത്തില്‍ സംസ്ഥാനമാകെ സംഘടിപ്പിച്ച വിപണന മേളകളില്‍ 28.47 കോടി രൂപയുടെ വിറ്റുവരവ്. സൂക്ഷ്മസംരംഭ ഉല്പന്നങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാര്ഷികോല്പന്ന വിപണനത്തിലൂടെ 8.89 കോടി രൂപയുടെ വിറ്റുവരവുമാണ് ലഭിച്ചത്. സി.ഡി.എസ് തലത്തിലും ജില്ല തലത്തിലുമായി സംഘടിപ്പിച്ച 2014 മേളകള്‍ വഴിയാണ് ഈ നേട്ടം.
മേളയില്‍ പങ്കെടുത്ത കുടുംബശ്രീ സംരംഭകര്‍ക്കാണ് ഈ വരുമാനം ലഭിക്കുക. 3.6 കോടി രൂപ നേടി വിറ്റുവരവുമായി എറണാകുളം ജില്ലയാണ് മുന്നില്‍. 3.4 കോടി രൂപ നേടി ആലപ്പുഴ രണ്ടാമതെത്തി. 3.3 കോടി രൂപ വിറ്റുവരവുമായി തൃശൂര്‍ മൂന്നാമതെത്തി. മേളകളുടെ എണ്ണത്തിലും എറണാകുളം ആണ് മുന്നില്‍; 205 മേളകള്‍.
ഈ വര്‍ഷം 43,359 സൂക്ഷ്മസംരംഭ യൂനിറ്റുകള്‍ മേളയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 28,401 ആയിരുന്നു. ഇത്തവണ 26,816 വനിതാ കര്‍ഷക സംഘങ്ങള്‍ വിപണിയിലേക്ക് കാര്ഷികോല്പന്നങ്ങള് എത്തിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 5826 യൂനിറ്റുകളുടെ അധിക പങ്കാളിത്തം.
ഇക്കുറി 3000 വനിതകൾ 1253 ഏക്കറില്‍ ജമന്തി, മുല്ല, താമര എന്നിവ കൃഷി ചെയ്ത് പൂക്കള്‍ വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 780 ഏക്കറില്‍ 1819 കര്‍ഷകരാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.