ഓണയാത്രകൾക്ക് ശ്വാസംമുട്ടുന്നു
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് നാടണയാൻ കാത്തിരുന്നവരെ റെയിൽവേ കൈവിട്ടു. കെ.എസ്.ആർ.ടി.സിയുടെ ഓണം വണ്ടികളിലാകട്ടെ സീറ്റ് തീർന്നിട്ട് ദിവസങ്ങളായി. സ്വകാര്യ സർവിസുകളിൽ കഴുത്തറുപ്പൻ നിരക്കും. അക്ഷരാർഥത്തിൽ മലയാളികളുടെ ഓണക്കാല യാത്ര ശ്വാസംമുട്ടിക്കുകയാണ്. എറണാകുളം-ചെന്നൈ റൂട്ടിലും കൊച്ചുവേളി ബംഗളൂരു റൂട്ടിലും മൂന്ന് ട്രെയിനുകൾ വീതമാണ് റെയിൽവേ അനുവദിച്ചത്. പ്രഖ്യാപിച്ച് ദിവസങ്ങൾക്കുളിൽ ടിക്കറ്റുകൾ വിറ്റ് തീർന്നെന്ന് മാത്രമല്ല, 250ന് മുകളിലാണ് നിലവിലെ വെയിറ്റിങ് ലിസ്റ്റ്. കൂടുതൽ സ്പെഷൽ ട്രെയിനുകൾ വേണമെന്ന ആവശ്യമുയർന്നിട്ടും പരിഗണിച്ചിട്ടില്ല. ഒരു ട്രെയിൻ സർവിസ് കൂടി അനുവദിക്കുമെന്ന് സൂചനയുണ്ടെങ്കിലും നിലവിലെ തിരക്കിന് ഇത് പരിഹാരവുമാകില്ല. ഓണാവധിക്ക് നാട്ടിലെത്താന്‍ സ്ഥിരം ട്രെയിനുകളിൽ രണ്ടു മാസങ്ങള്‍ക്കു മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും മിക്കവരും വെയിറ്റിങ് ലിസ്റ്റിന്റെ നീണ്ട നിരയിലാണ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ളവർക്കാകട്ടെ ആശ്രയിക്കാൻ സ്പെഷൽ ട്രെയിനുകളുമില്ല. ആവശ്യത്തിന് അധിക ട്രെയിനുകളില്ലാത്തതിനാൽ സ്ഥിരം വണ്ടികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജനറൽ കമ്പാർട്ട്മെന്റുകളിൽ ശ്വാസംമുട്ടുംവിധമാണ് തിരക്ക്.
ട്രെയിനുകളിൽ സീറ്റ് ലഭിക്കാന്‍ സാധ്യത തീരെ കുറവാണെന്നതിനാല്‍ സ്വകാര്യ ബസുകളാണ് ആശ്രയം. സ്വകാര്യ ബസുകളിലാകട്ടെ വൻ കൊള്ളയും. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് ആഗസ്റ്റ് 24 ലെ നിരക്ക് 1196 രൂപയാണെങ്കിൽ ആഗസ്റ്റ് 29ന് 2668 രൂപ ആണ്. 30ന് 3679 ഉം. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര നിരക്കും വ്യത്യസ്തമല്ല. മൂന്നും നാലും ഇരട്ടിയാണ് ഈ സമയത്ത് സ്വകാര്യബസുകളുടെ ടിക്കറ്റ് നിരക്ക്. അമിത ടിക്കറ്റ് നിരക്കിനെതിരെ മുൻ വർഷങ്ങളിൽ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിരുന്നെങ്കിലും ഇക്കുറി അധികൃതരും നിശ്ശബ്ദരാണ്. ടൂറിസ്റ്റ് ടാക്സികളാണ് മറ്റൊരാശ്രയം. മൂന്നും നാലും പേർ ചേർന്ന് ടാക്സിയെടുത്താലും ബസ് നിരക്കിനോളം വരില്ലെന്നതാണ് സ്ഥിതി. കെ.എസ്.ആര്.ടി.സി ബസുകളില്‍ നിരക്ക് കുറവാണെങ്കിലും ബസുകളുടെ എണ്ണക്കുറവാണ് പ്രശ്നം. കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്നാണ് ആവശ്യം.
റിസർവേഷൻ നേരത്തേ അവസാനിപ്പിച്ച്, ലാഭമേറിയ തത്കാൽ കച്ചവടത്തിനായി ടിക്കറ്റ് പൂഴ്ത്തിവെക്കുന്നതായും റെയിൽവേക്കെതിരെ ആക്ഷേപമുണ്ട്. തത്കാലിനായി നീക്കിവെക്കുന്നതിൽതന്നെ 50 ശതമാനം സാധാ തത്കാലും ശേഷിക്കുന്ന 50 ശതമാനം പ്രീമിയം തത്കാലുമാണ്. പ്രീമിയം തത്കാലിൽ വിമാനടിക്കറ്റുകളുടേത് മാതൃകയിൽ ഓരോ 10 ശതമാനം കഴിയുന്തോറും നിരക്ക് വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.