മന്ത്രവാദ ബാധ ഒഴിയാതെ ഓണാട്ടുകര
text_fieldsമന്ത്രവാദ ചികിത്സയിലൂടെ ലക്ഷപ്രഭുക്കളായവരും നിരവധി
കായംകുളം: മുട്ട തങ്ങൾക്കും പാമ്പുസ്വാമിക്കും ശൈത്വാൻ മുസ്ലിയാർക്കും പിന്നാലെ ഏർവാടി ഉമ്മിച്ചയും പന്തൽ മുസ്ലിയാരും അവതരിച്ചതിന്‍റെ ഞെട്ടലിൽ ഓണാട്ടുകര. ആത്മീയമറവിലെ മന്ത്രവാദ കൊലപാതകത്തോടെ ഒഴിവായെന്ന് കരുതിയ ദുർമന്ത്രവാദം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വേണ്ടത്ര ആത്മീയ-ഭൗതിക വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത്തവരാണ് തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്.
2014ൽ മന്ത്രവാദത്തിന്‍റെ മറവിൽ തഴവയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 'ശൈത്വാൻ മുസ്ലിയാർ' എന്ന ലേബൽ വീണ ആദിക്കാട്ടുകുളങ്ങര സ്വദേശി സിറാജുദ്ദീൻ പിടിയിലായതോടെയാണ് മേഖലയിലെ മന്ത്രവാദത്തിന് താൽക്കാലിക ശമനമായത്. യുവതിയും മാതാവും മന്ത്രവാദത്തിന്‍റെ മറവിൽ ക്രൂരമർദനത്തിന് ഇരയായതാണ് പുതിയ സംഭവം.
ചായക്കടയും പച്ചക്കറി കച്ചവടവും തുണിക്കടയുമൊക്കെ നടത്തി എട്ടുനിലയിൽ പൊട്ടിയവർ മന്ത്രവാദ ചികിത്സയിലൂടെ ലക്ഷപ്രഭുക്കളായ ചരിത്രമാണുള്ളത്. ക്രിമിനൽ സ്വഭാവത്തിന് മറയിടാൻ ആത്മീയതയുടെ മേലങ്കിയണിയുന്നവരും നിരവധിയാണ്. സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത തട്ടിപ്പിന് കായംകുളം നഗരത്തിൽനിന്ന് വ്യാജതങ്ങളും വിദ്യാഭ്യാസ പ്രവേശന തട്ടിപ്പിന് പാമ്പുസ്വാമിയും പിടിയിലായത് ഏറെ ചർച്ചയായിരുന്നു.
കച്ചവടം നടത്തി പൊട്ടിയവർ വരെ മന്ത്രവാദികൾ
മദ്റസ വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് 'അറബിമാന്ത്രികവുമായി' ദിവ്യപ്രവൃത്തികൾ നടത്തുന്നത്. നാട്ടിലും പരിസരത്തും വിശ്വാസ്യത നേടിയശേഷം ആദിക്കാട്ടുകുളങ്ങരക്ക് കിഴക്കുഭാഗത്ത് പെൺകുട്ടികൾക്കായി അനാഥശാല സ്ഥാപിച്ചായിരുന്നു സിറാജുദ്ദീൻ മുസ്ലിയാരുടെ തട്ടിപ്പിന് തുടക്കം. ഇവിടെ 'വ്യാജഖബർ' സൃഷ്ടിച്ചാണ് മന്ത്രവാദത്തിലേക്ക് കടക്കുന്നത്. അനാഥശാലയിലെ പെൺകുട്ടി ഓടിപ്പോയതോടെ പ്രവർത്തനം സംബന്ധിച്ച് ദുരൂഹതയും ഉയർന്നു.
പള്ളിയറക്കാവ് ക്ഷേത്രാക്രമണ ശ്രമത്തിനിടെ പൊലീസിന്‍റെ പിടിയിലാകുന്നതോടെയാണ് തനിനിറം പുറത്തായത്. കസ്റ്റഡിയിലിരിക്കെ ഗുരുമന്ദിരം തകർത്ത കേസിലും ഉൾപ്പെട്ടു. ഇതിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ മന്ത്രവാദത്തിനിടെയാണ് തഴവ വട്ടപ്പറമ്പിൽ യുവതി കൊല്ലപ്പെടുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോൾ ജയിലിലാണ്. കായംകുളം നഗരത്തിലുണ്ടായിരുന്ന വ്യാജ തങ്ങളെക്കുറിച്ച് ഇപ്പോൾ വിവരമില്ല.
അതേസമയം, ആദിക്കാട്ടുകുളങ്ങരയിലും പരിസരത്തുമായി മന്ത്രവാദികളുടെയും മഷിനോട്ടക്കാരുടെയും പ്രവർത്തനം വ്യാപകമാണ്. തുണിക്കച്ചവടം നടത്തി പൊട്ടിയവർ മുതൽ മേസ്തിരിപ്പണിയുമായി നടക്കുന്നവർ വരെ ഇവിടങ്ങളിലെ പേരുകേട്ട മന്ത്രവാദികളായി വികസിച്ചിട്ടുണ്ട്. ഇവരുടെ സഹായികളും ഏജന്‍റുമാരുമായി പ്രവർത്തിച്ച് പണമുണ്ടാക്കുന്നവരും നിരവധിയുണ്ട്. ഇവരുടെ സ്വാധീനമാണ് ആദിക്കാട്ടുകുളങ്ങരയിലെ നിലവിലെ മന്ത്രവാദ തട്ടിപ്പിന് വഴിയൊരുക്കിയതെന്നാണ് പറയുന്നത്.
'ഏർവാടി ഉമ്മിച്ച' പുതിയ അവതാരം; ഗുരു 'പന്തൽ ഉസ്താദ്'
കായംകുളം: ഏർവാടി ഉമ്മിച്ചയാകാനുള്ള ഷാഹിനയുടെ മോഹം തകർത്തത് പന്തൽ ഉസ്താദിന്‍റെ അമിതാവേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാഹിന ഒരു മാസം ഏർവാടിയിൽ കഴിഞ്ഞിരുന്നു. ഇതിനിടെയാണ് കുളത്തൂപ്പുഴക്കാരൻ സുലൈമാനെ പരിചയപ്പെടുന്നത്. സൗഹൃദം വിശ്വാസമായി വളർന്നതോടെ 'മന്ത്രവാദ' രംഗത്തെ തന്‍റെ ഗുരുവായി സുലൈമാനെ വാഴിച്ചു.
സുലൈമാന്‍റെ സഹായിയായ അൻവർ ഹുസൈനെ 'ഏർവാടി ഉപ്പുപ്പ' എന്ന നിലയിലും പരിചയപ്പെടുത്തി തട്ടിപ്പിന് കളമൊരുക്കി. കുളത്തൂപ്പുഴയിൽ 'പന്തൽ' മുതലാളിയായി നടന്നിരുന്ന സുലൈമാന് ആത്മീയ വിദ്യാഭ്യാസം കാര്യമായിട്ടില്ലെന്നാണ് പറയുന്നത്. ജാറങ്ങളിലേക്കും മഖ്ബറകളിലേക്കുമുള്ള തീർഥാടനമായിരുന്നു പ്രധാന പരിപാടി. നഷ്ടം വന്നതോടെ സ്ഥാപനം മറ്റൊരാൾക്ക് വിറ്റ് പന്തൽ പണിക്കാരനായി കൂടുകയായിരുന്നു.
അതിനിടെയാണ് നാടുവിട്ടുള്ള 'മന്ത്രവാദ'ങ്ങളിലേക്ക് ചുവടുമാറ്റിയത്. അല്ലറചില്ലറ തരികിടകളുമായി നടക്കുന്നതിനിടെ കിട്ടിയ കേസിൽ അമിതാവേശമായി. വേഷഭൂഷാദികളുമായി എത്തുന്ന ഇയാൾ കൈവിരലുകളിൽ ധരിച്ചിരിക്കുന്ന മോതിരം നെറ്റിയിൽ ഇടിപ്പിച്ചാണ് 'ബാധകളെ' ഒഴിപ്പിക്കുന്നത്.അനുസരിക്കാത്തവർക്കുനേരെ ബലപ്രയോഗവും പതിവ്. മന്ത്രം ഗൗരവ ഭാവത്തിലേക്ക് നീങ്ങിയതോടെ 'ബാധ' ഷാഹിനയിലേക്ക് പ്രവേശിച്ചതാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്.
ഉന്മാദ ഭാവത്തിലേക്ക് മാറിയ ഷാഹിനയുടെ അക്രമണത്തിൽ ഫാത്തിമക്കും മാതാവ് സാജിദക്കും പിടിച്ചുനിൽക്കാനായില്ല. വീട്ടിൽനിന്ന് കൈക്കുഞ്ഞുങ്ങളുമായി ഇറങ്ങി ഓടിയ ഇവർ നൂറനാട് സ്റ്റേഷനിൽ അഭയം പ്രാപിച്ചതോടെയണ് സംഭവങ്ങൾ പുറത്തറിയുന്നത്.
ജിന്ന് ബാധ മാറ്റെനെന്ന പേരിൽ ഭാര്യയെ ക്രൂര മർദനത്തിനിരയാക്കിയ കേസിൽ ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ താമരക്കുളം സൗമ്യഭവനത്തിൽ ഷാഹിന (23), ഇവരുടെ ഭർത്താവ് ഷിബു (31), ദുർമന്ത്രവാദികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), ഇമാമുദ്ദീൻ മൻസിലിൽ ഇമാമുദ്ദീൻ (35), പുനലൂർ തിങ്കൾക്കരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ (52) എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.