രാമചന്ദ്രൻ പിള്ള ആർ.എസ്.എസ് ശാഖ നടത്തിപ്പുകാരനായിരുന്നുവെന്ന് ജന്മഭൂമി
text_fieldsകോഴിക്കോട്: സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന്‍പിള്ള ആർ.എസ്.എസ് ശിക്ഷക് ആയിരുന്നുവെന്ന് ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. പി. ശ്രീകുമാര്‍ എഴുതിയ 'രമേശ് ചെന്നിത്തലയല്ല, ആര്‍.ശങ്കറും എസ്. രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ്; ചെന്നിത്തലയുടെ അച്ഛനും' എന്ന ലേഖനത്തിലാണ് രാമചന്ദ്രൻ പിള്ള ആർ.എസ്.എസായിരുന്നുവെന്ന് പറയുന്നത്. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്.ആർ.പി. ആ മാന്യതക്ക് കാരണം അദ്ദേഹത്തിന്റെ ആർ.എസ്.എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്നാണ് ലേഖകൻ പറയുന്നത്.
കായംകുളത്ത് ആർ.എസ്.എസ് ശാഖ നടത്തുന്നതിന്‍റെ ചുമതലക്കാരനായിരുന്നു എസ്.ആർ.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്.ആർ.പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലുണ്ടായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്.ആർ.പി സംഘത്തിന്‍റഎ പ്രവര്‍ത്തന ശിബിരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവർത്തകനായിയെന്നും ലേഖനം പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവ് രാമകൃഷ്ണന്‍ നായര്‍ ആർ.എസ്.എസിന്‍റെ സഹയാത്രികനായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആർ.എസ്.എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തു. കെ.എസ്.യുവിലായിരുന്ന രമേശിനെതിരെ സി.പി.എം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍ രാമകൃഷ്ണന്‍ സാറിന്‍റെ മകന്‍ എന്ന നിലയില്‍ ആർ.എസ്.എസ് രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആർ.എസ്.എസിന്‍റെ ഒരു മണോം ഗുണോം ഇല്ലെന്നും ലേഖനം പറയുന്നു.
'ശാഖയില്‍ വന്നു എന്നതിന്‍റെ പേരില്‍ ആര്‍ ശങ്കറിനെയും എസ്. രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആർ.എസ്.എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കേരള ഗാന്ധി കെ കേളപ്പന്‍ അവസാന കാലത്ത് ആർ.എസ്.എസ് സഹയാത്രികനായിരുന്നു എന്നത് രമേശിന് ഓര്‍മ്മയില്ലങ്കിലും കോടിയേരിക്ക് അറിയാമല്ലോ'യെന്നും ജന്മഭൂമി ലേഖനം പറയുന്നു.
കോൺഗ്രസിനുള്ളിലെ ആർ.എസ്.എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. 'രാമന്റെ നിറം കാവിയല്ല' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ഉന്നയിച്ചത്. ഇതിന് മറുപടിയാണ് ജന്മഭൂമിയിലെ ലേഖനം. ആർ.എസ്.എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് രമേശ് ചെന്നിത്തലയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.