ഷാനിന്റെ കൊലക്ക് ഒന്നര മാസത്തെ ആസൂത്രണം; രഞ്ജിത്തിേൻറത് അതിവേഗം
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ കൊലപ്പെടുത്തിയത് ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലെന്ന് സൂചന. വധിക്കേണ്ടവരുടെ ആർ.എസ്.എസ് പട്ടികയിൽ ഷാൻ ആദ്യ പേരുകാരനായത് നവംബറിൽ പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ടതോടെയാണ്. പിടിയിലായ പ്രതികളുടെ പ്രാഥമിക മൊഴികളിൽ ഇതുസംബന്ധിച്ച് സൂചനയുള്ളതായാണ് വിവരം.
വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ കൊല്ലപ്പെട്ട ശേഷമാണ് പകരംവീട്ടണമെന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആർ.എസ്.എസ് നീക്കം തുടങ്ങിയത്. സൗമ്യമുഖമായിരുന്ന ഷാൻ അടക്കം പലരെയും ഉന്നംവെച്ചു. പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതോടെ വേഗം കൂട്ടി. ഫെബ്രുവരി 24നാണ് നന്ദു കൊല്ലപ്പെട്ടത്. ഇതിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതികൾ. ഇതിന് പിന്നാലെ തിരിച്ചടി സാധ്യത സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചിരുന്നു.
ഷാനിനെ കൊലപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണെന്ന സൂചനയാണ് പൊലീസ് ഇൻറലിജൻസ് വിഭാഗത്തിനുള്ളത്. തിരിച്ചടിയുണ്ടായാൽ എന്തു ചെയ്യണമെന്ന് എതിർപക്ഷത്തും ആലോചന നടന്നിരുന്നുവെന്നാണ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം ഉണ്ടായ പ്രത്യാക്രമണത്തിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, ആരെ വകവരുത്തണമെന്നതടക്കം തീരുമാനിച്ചതും നടപ്പാക്കിയതും മണിക്കൂറുകൾക്കുള്ളിലായി. ഇത്തരമൊരു നീക്കം ഇൻറലിജൻസ് പോലും സങ്കൽപ്പിച്ചിരുന്നില്ല.
ഇരട്ടക്കൊലപാതകത്തിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്നതടക്കം അന്വേഷിക്കുകയാണ് പൊലീസ്. ഏതാണ്ട് മുഴുവൻ പ്രതികളെയും രണ്ട് ദിവസത്തിനുള്ളിൽ പിടികൂടാൻ കഴിയുമെന്നാണ് എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിെൻറ പ്രതീക്ഷ. ഷാനിനെ കൊലപ്പെടുത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വീടിെൻറ പരിസരത്ത് അപരിചിതരായ ചിലർ നിരീക്ഷണത്തിനെത്തിയിരുന്നതായി വീട്ടുകാർ പറയുന്നു.
തിരുവനന്തപുരത്തുനിന്ന് ഇൻഷുറൻസിെൻറ വിവരങ്ങൾ അന്വേഷിച്ച് വന്നതാണെന്നാണ് പറഞ്ഞത്. പ്രധാന വഴിയിലൂടെയെത്തി ഷാനിെൻറ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞ അപരിചിതൻ പിറകുവശത്തെ വഴിയിലൂടെ തിരികെപ്പോയതിൽ സംശയം തോന്നിയ ഫൻസില കാര്യങ്ങൾ അപ്പോൾതന്നെ ഭർത്താവിനെ അറിയിച്ചിരുന്നു. സംശയം തോന്നിയെങ്കിലും ഷാൻ ഇത് കാര്യമായെടുത്തില്ലത്രേ.
ഷാനിനു നേരെ ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനുള്ളിൽതന്നെ രഞ്ജിത് ശ്രീനിവാസെൻറ വീടിെൻറ പരിസരത്ത് ചിലർ നിരീക്ഷണത്തിനെത്തിയിരുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഒ.ബി.സി മോർച്ച സംസ്ഥാന നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഒരാളെന്ന എതിർപക്ഷത്തിെൻറ ഉന്നം സാധിക്കുന്നതിനാണെന്നും സംശയിക്കുന്നു. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകരായ പൊന്നാട് കാവച്ചിറ വീട്ടിൽ രാജേന്ദ്രപ്രസാദ് (പ്രസാദ് -39) കാട്ടൂർ കുളമാക്കിവെളിയിൽ രതീഷ് (കുട്ടൻ-31) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
പൊലീസിനെതിരെ എസ്.ഡി.പി.ഐയും ബി.ജെ.പിയും
മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ ബി.ജെ.പിയും എസ്.ഡി.പി.ഐയും. പ്രവർത്തകരെ അന്യായമായി തടങ്കലിൽവെച്ചിരിക്കുന്നെന്നും നിരപരാധികളെ പൊലീസ് മർദിക്കുന്നെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് കെ. റിയാസ്, സെക്രട്ടറി എം.എം. താഹിർ എന്നിവർ ആരോപിച്ചു.
രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ ആശങ്കയുണ്ടെന്നും പൊലീസ് ഏകപക്ഷീയ സമീപനം പുലർത്തുന്നുവെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. ഗോപകുമാർ ആരോപിച്ചു. മുഖ്യമന്ത്രി സമാധാന യോഗം വിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.