കുട്ടിക്കടത്ത്: ഒരാൾ അറസ്റ്റിൽ
text_fieldsപാലക്കാട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് അനധികൃതമായി കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി പാലക്കാട് ഗോപാലപുരത്ത് താമസിക്കുന്ന മാത്യു ജോർജ് (43) ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ഫാ. ജോൺ ഡൽഹിയിലായതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾ നാട്ടിലെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
ബുധനാഴ്ചയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറക്ക് സമീപത്തെ മേനോമ്പാറയിലെ വീട്ടിൽ അനധികൃതമായി താമസിപ്പിച്ചിരുന്ന 10--15 ന് ഇടയിൽ പ്രായമുള്ള 14 കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയത്. ‘ഗ്രേസ് കെയർ മൂവ്മെൻറ്’ എന്ന സ്ഥാപനമാണ് കുട്ടികളെ ഇവിടേക്ക് എത്തിച്ചത്. പരിശോധനയിൽ ഇവർക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സാധിച്ചിരുന്നില്ല.
പാലക്കാട് മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിലാണ് കുട്ടികൾ ഇപ്പോൾ താമസിക്കുന്നത്. പാലക്കാടെത്തുന്നതിന് മുമ്പ് കോയമ്പത്തൂരിലെ ചാവടിയിൽ ഒരു വർഷം താമസിച്ച് പഠിച്ചിട്ടുണ്ടെന്ന് കുട്ടികൾ അറിയിച്ചിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ബംഗാൾ, ഝാർഖണ്ഡ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ ഏറെപ്പേരും അനാഥരാണ്. ഐ.സി.ഡി.എസിെൻറ ഗൃഹസന്ദർശനത്തിനിടയിലാണ് മേനോമ്പാറയിലെ ഒരു വീട്ടിൽ ഇതര സംസ്ഥാനക്കാരായ കുട്ടികളെ പാർപ്പിച്ചിരുന്നതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.