ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ഒറ്റ നിറം, തീരുമാനം പത്തിന്; സമരം നടത്തിയതിനുള്ള പ്രതികാരമെന്ന് ഉടമകൾ
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിച്ച് മഞ്ഞയാക്കാൻ മോട്ടോർ വാഹനവകുപ്പ് നീക്കം. ജൂലൈ പത്തിന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗം തീരുമാനമെടുക്കും. ഔദ്യോഗിക അജണ്ടയായി എത്തുന്നതിനാൽ അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റവും ഈ യോഗമാണ് പരിഗണിക്കുന്നത്.
നിലവിൽ പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറമില്ല. പലതരം വാഹനങ്ങളിൽ ‘എൽ’ ബോർഡ് വെക്കുകയോ സ്കൂളിന്റെ പേര് എഴുതുകയോ വാഹനത്തിന് മുകളിൽ പിരമിഡ് സ്വഭാവത്തിലുള്ള ബോർഡ് വെക്കുകയോ ആണ് ചെയ്യുന്നത്. റോഡ് സുരക്ഷ മുൻനിർത്തിയാണ് നിറം നിർദേശിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെ പേരിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉടമകൾക്കെതിരായ നീക്കമാണിതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
നിറംമാറ്റത്തിന് വലിയ ചെലവ് വരും. ഇത് അധികബാധ്യത സൃഷ്ടിക്കുമെന്ന് സ്കൂൾ ഉടമകൾ പറയുന്നു. സംസ്ഥാനത്ത് ഏതാണ്ട് 32,000 പരിശീലന വാഹനങ്ങളാണുള്ളത്. എസ്.ടി.എ തീരുമാനിച്ചാലും എത്ര സമയത്തിനകം നിർദേശം നടപ്പാക്കണമെന്നത് തീരുമാനിക്കേണ്ടത് മോട്ടോർ വാഹനവകുപ്പാണ്.
ആൻറണി രാജു മന്ത്രിയായിരിക്കെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറമാക്കിയത്. മന്ത്രി മാറിയതോടെ നിലപാട് മാറിയെന്ന് എസ്.ടി.എ യോഗത്തിന്റെ അജണ്ട അടിവരയിടുന്നു. ഏകീകൃത നിറമോ നിയന്ത്രണങ്ങളോടെയുള്ള ബഹുവർണമോ എസ്.ടി.എക്ക് നിശ്ചയിച്ച് നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.