'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’: കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ട-മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബി.ജെ.പി തയാറല്ല എന്നുവേണം മനസിലാക്കാൻ. ഈ സർക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നത്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് "ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്.
അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കിൽ ജനവിധി അട്ടിമറിച്ച് കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നതും ജനാധിപത്യത്തെ തകർക്കും. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.