ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി -മന്ത്രി വി.എൻ. വാസവൻ
text_fieldsതിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ 'ഒരു രാജ്യം ഒരു രജിസ്ട്രേഷൻ' പ്രഖ്യാപനം സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഏകീകൃത സോഫ്റ്റ്വെയർ സ്ഥാപിച്ച് രാജ്യത്ത് എവിടെ വേണമെങ്കിലും ആധാരങ്ങളും പ്രമാണങ്ങളും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
ഇത് തനതു നികുതിയേതര വരുമാനത്തിൽ വൻ ഇടിവുണ്ടാക്കും. ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ നടപടി ആലോചനരഹിതമായ പ്രഖ്യാപനം മാത്രമായി കാണാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന സമീപനത്തിന്‍റെ ഭാഗമാണിത്. ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണിത്.
ചരക്കുസേവന നികുതി നടപ്പാക്കിയതോടെ സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് രജിസ്ട്രേഷൻ വഴിയുള്ള വരുമാനം. രജിസ്ട്രേഷൻ അധികാരം കവർന്നെടുക്കുന്നതോടെ സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കുന്നതിനുള്ള അവകാശവും നഷ്ടമാകും. ഏകീകൃത രജിസ്ട്രേഷൻ നടപ്പാക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയും ഏകീകരിക്കേണ്ടിവരും. ഇതോടെ സംസ്ഥാന വരുമാനം വലിയതോതിൽ ഇടിയും. കേന്ദ്ര നീക്കത്തിനെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.