വാളയാറിൽ ബി.ജെ.പി നേതാവ് സഞ്ചരിച്ച കാറിൽനിന്ന് രേഖകളില്ലാത്ത ഒരു കോടി പിടിച്ചെടുത്തു
text_fieldsപാലക്കാട്: ബി.ജെ.പി നേതാവ് സഞ്ചരിച്ച കാറിൽനിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചെടുത്തു. കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ പ്രസാദ് സി. നായരും ഡ്രൈവർ പ്രശാന്തും യാത്ര ചെയ്ത കാറിൽനിന്നാണ് പണം പിടിച്ചത്.
ബംഗളൂരുവിൽനിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തോടെ വാളയാർ പൊലീസിന്റെയും ജില്ലാ പൊലീസ് മേധാവിക്കു കീഴിലുള്ള ഡാൻസാഫ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ ദേശീയപാത കേന്ദ്രീകരിച്ചുള്ള വാഹന പരിശോധനക്കിടെ വാളയാർ ടോൾ പ്ലാസയിൽനിന്നാണ് പണം പിടികൂടിയത്. സംഭവത്തിൽ പ്രസാദ് നായർക്കെതിരെ കേസെടുത്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് പറഞ്ഞു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്‍റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തി. കാറിന്റെ ഡിക്കിക്കുള്ളിൽ വീട്ടുസാമഗ്രികൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കോയമ്പത്തൂരിൽനിന്നാണു വാഹനമെത്തിയത്.
സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണു മൊഴിയെങ്കിലും പിടികൂടിയ പണം കുഴൽപണമാണോ എന്നത് ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പണം കോടതിയിൽ ഹാജരാക്കുമെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.