തോൽപ്പെട്ടി ചെക്പോസ്റ്റിൽ ഒരു കോടിയോളം വിലമതിക്കുന്ന കഞ്ചാവ് പിടിച്ചു
text_fieldsതോൽപ്പെട്ടി: വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും മാനന്തവാടി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും തോൽപ്പെട്ടി എക്സൈസ് സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് പിടിച്ചത്.
കഞ്ചാവ് കടത്തിക്കൊണ്ടു വന്ന വൈത്തിരി അത്തിമൂല സ്വദേശി നിവേദ്യം വീട്ടിൽ രഞ്ജിത്ത് .പി (30), കൊല്ലം കരുനാഗപ്പള്ളി, ചാമ്പക്കടവ് സ്വദേശി തടത്തിവിള വടക്കേതിൽ വീട്ടിൽ അഖിൽ കുമാർ.ആർ (27) എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് സംഭവം. KL 35 J 748 ഐച്ചർ ലോറിയിൽ ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 98 കിലോ തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കഞ്ചാവ് ആന്ധ്രയിൽ നിന്നും ലോറിയിൽ വിൽപ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നതാണെന്നും കഞ്ചാവ് കടത്തിന് പിന്നിലുള്ള ആളുകളിലേക്ക് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എച്ച്. മുഹമ്മദ് ന്യൂമാൻ അറിയിച്ചു. വയനാട് ജില്ലയിലെ നിലവിലുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികൾ നേരത്തേയും ഇത്തരത്തിൽ സംസ്ഥാനത്തിനകത്തേക്ക് കഞ്ചാവ് കടത്തിയിട്ടുള്ളതായാണ് ഇൻറലിജൻസിന് ലഭിച്ച വിവരം. ഒരാഴ്ച്ചയിലധികമായി എക്സൈസ് ഇൻറലിജൻസ് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ കഞ്ചാവ് വേട്ട.
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. എക്സൈസ് പ്രിവൻറീവ് ഓഫീസർമാരായ കെ. രമേഷ്, കെ.ജെ. സന്തോഷ്, പി.എസ്. വിനീഷ്, ജി. അനിൽകുമാർ, കെ.കെ. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. അഖിൽ, ഇ. അനൂപ്, അഭിലാഷ് ഗോപി, എക്സൈസ് ഡ്രൈവർമാരായ കെ.പി. വീരാൻകോയ, അബ്ദുൾ റഹീം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.