ശമ്പള-പെന്‍ഷന്‍ വിതരണത്തിന് ഒരുദിവസം കൂടി; 500 കോടിയുടെ കുറവ്
text_fieldsതിരുവനന്തപുരം: ശമ്പള-പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാകാന്‍ ഒരുദിനം മാത്രം ബാക്കിനില്‍ക്കെ നവംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 500 കോടിയോളം രൂപയുടെ കുറവ്. ഈമാസം ഇതുവരെ ശമ്പളവും പെന്‍ഷനും അടക്കം ട്രഷറി വഴി ആകെ വിതരണം ചെയ്ത പണം 761.61 കോടി രൂപയാണ്.
നവംബര്‍ എട്ട് വരെ വിതരണം ചെയ്ത തുക 1,228 കോടി രൂപയും. ബാങ്കുകളിലൂടെയാണ് ശമ്പളക്കാര്‍ ഏറെയും പണം പിന്‍വലിക്കുന്നതെന്നതിനാല്‍ ബാങ്കുകളിലെ വിതരണത്തില്‍ ഉണ്ടായ കുറവ് ഇതിന്‍െറ പലമടങ്ങായിരിക്കും. നോട്ട്നിയന്ത്രണം വരുത്തിയ പ്രതിസന്ധിയുടെ യാഥാര്‍ഥ ചിത്രമാണിതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ധനലഭ്യതയിലെ ഈ കുറവ് സംസ്ഥാനത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കും.
നവംബറില്‍ ഉണ്ടായതിന് സമാനമോ അതിനെക്കാള്‍ രൂക്ഷമായതോ ആയ മാന്ദ്യം വരുംനാളുകളില്‍ സംഭവിച്ചേക്കാമെന്ന ആശങ്കയും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നു. ആദ്യ ആറ് പ്രവൃത്തിദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ആകെയുള്ള 4,00,864 പെന്‍ഷന്‍കാരില്‍ പണം പിന്‍വലിച്ചത് 2,22,875 പേരാണ്. 1,77,971 പേര്‍ ഇതുവരെ പണം പിന്‍വലിച്ചിട്ടില്ല. നവംബറില്‍ ആദ്യ ഏഴ് പ്രവൃത്തിദിനങ്ങളില്‍ പെന്‍ഷന്‍ പിന്‍വലിച്ചത് 2,01,665 പേരാണ്. ആവശ്യക്കാരായ പെന്‍ഷന്‍കാര്‍ക്ക് ഏറെ നേരം ക്യൂ നിന്നാണെങ്കിലും പണമെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ചെങ്ങന്നൂര്‍ ജില്ലട്രഷറി, മുരിക്കാശ്ശേരി, മുക്കം സബ് ട്രഷറികളില്‍ ഇന്നലെ പണം ലഭ്യമായില്ല. യഥാക്രമം 30 ലക്ഷം, മൂന്നുലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണ് ഇവിടെ വേണ്ടിയിരുന്നത്. വ്യാഴാഴ്ച ആവശ്യപ്പെട്ട 78.96 കോടി രൂപയില്‍ ലഭിച്ചത് 69.44 കോടി മാത്രം. ഉച്ചവരെ കോഴിക്കോട് ജില്ലയില്‍ ആവശ്യപ്പെട്ട പകുതി പണം മാത്രമേ കിട്ടിയുള്ളൂ. 16 ട്രഷറികളില്‍ ഉച്ചവരെയും ഒരു പൈസ പോലും എത്തിച്ചിരുന്നില്ല. പണം എത്തിക്കാത്തത് ഏറെയും പിന്നാക്ക, തോട്ടം, ആദിവാസി മേഖലകളിലും തിരുവനന്തപുരം പെന്‍ഷന്‍ ട്രഷറിയിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.