പ്രവാസികളുമായി വ്യാഴാഴ്ച കൊച്ചിയിലെത്തുന്നത് ഒരു വിമാനം; നിരീക്ഷണത്തിന് വിവിധ കേന്ദ്രങ്ങളൊരുക്കി
text_fieldsനെടുമ്പാശ്ശേരി: പ്രവാസികളുമായി വ്യാഴാഴ്ച െകാച്ചിയിലെത്തുന്നത് ഒരു വിമാനം മാത്രം. രാത്രി 9.40നാണ് ആദ്യവിമാനം അബൂദബിയിൽനിന്നെത്തുക. രാത്രി 10.45ന് ദോഹയിൽനിന്ന് എത്തേണ്ടിയിരുന്ന വിമാനം റദ്ദാക്കി. ഇത് ശനിയാഴ്ചയാണ് എത്തുക. കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിൽനിന്ന് ഓരോ വിമാനവും ശനിയാഴ്ചയുണ്ടാകും. ഉച്ചക്ക് പന്ത്രണ്ടോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബൂദബിയിലേക്ക് പറക്കും. വൈകീട്ട് അഞ്ചരയോടെയാകും മടക്കയാത്ര.
വിമാനത്തിൽ 179 യാത്രക്കാരുണ്ടാകും. ആദ്യ വിമാനത്തിലെത്തുന്നവർക്കായി നിരീക്ഷണ സംവിധാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. എറണാകുളം സ്വദേശികളായ, രോഗലക്ഷണമില്ലാത്തവരെ കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റലിലായിരിക്കും താമസിപ്പിക്കുക.
75 മുറികളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍നിന്നുള്ളവരെ അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകൾ സർവിസ് നടത്തും.
ഗർഭിണികൾക്ക് വീടുകളിൽ തന്നെ നിരീക്ഷണം അനുവദിക്കാനാണ് തീരുമാനമെന്നതിനാൽ അവരൊഴികെയുള്ളവരെ പൊതു കേന്ദ്രങ്ങളിൽ പാർപ്പിക്കും. വിമാനത്താവളത്തിൽ ൈവദ്യപരിശോധനക്ക് ശേഷം പുറത്തുവരുന്ന യാത്രക്കാരെ പൊലീസ് അകമ്പടിയോടെയായിരിക്കും ക്വാറൻറീൻ കേന്ദ്രങ്ങളിൽ എത്തിക്കുക.
പ്രവാസികളെ താമസിപ്പിക്കാൻ 14 ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്തിട്ടുള്ളത്. യാത്രക്കാരെ കൊണ്ടുപോകാൻ പ്രത്യേക ടാക്സികളുണ്ടാകും. അഞ്ച് സീറ്റുള്ള വാഹനത്തിൽ രണ്ട് യാത്രക്കാരും ഡ്രൈവറും മാത്രമാണുണ്ടാവുക. ഏഴ് സീറ്റ് വാഹനത്തിൽ നാല് യാത്രക്കാരും ഡ്രൈവറുമുണ്ടാകും. ക്വാറൻറീൻ കേന്ദ്രങ്ങൾക്ക് സമീപം മുഴുസമയം പൊലീസ് കാവലുമുണ്ടാകും.
താൽക്കാലിക നിരീക്ഷണ കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ പഞ്ചായത്ത്, മുനിസിപ്പൽ അധികൃതർക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ താമസിപ്പിക്കാന്‍ കൂടുതൽ ഹോട്ടല്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.