പെട്ടിമുടിയിൽ മരണം 56 ആയി, പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു
text_fieldsമൂന്നാർ: പ്രകൃതി ദുരന്തം നടന്ന ഇടുക്കിയിലെ പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയതെങ്കിലും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. തെരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണ് പ്രദേശത്തുള്ളത്. 50 പേരുടെ സംഘമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.
വ്യാഴാഴ്ച തിരച്ചിലില്‍ ഒരു മൃതദേഹംപോലും കണ്ടെത്താനായില്ല. വാഹനങ്ങളും ഭാരം കൂടിയ വസ്തുക്കളുമെല്ലാം കിലോമീറ്ററുകള്‍ക്ക് അകലെ പുഴയിലൂടെ ഒഴുകിപ്പോയ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ബഹുദൂരം ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
സംഭവസ്ഥലത്തുനിന്ന് ഒന്നര കി.മീ. അകലെ ഗ്രേവല്‍ ബാങ്ക് മേഖലയിൽനിന്നാണ് 16 മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലം താരതമ്യേന നിരപ്പായിരുന്നതിനാല് മൃതദേഹങ്ങള്‍ ഇവിടെ വന്നടിയുകയായിരുന്നു. പുഴയില്‍ നാലടിയോളം ഉയരത്തില്‍ ചളി വന്നടിഞ്ഞ സാഹചര്യത്തില്‍ അതില്‍ കുടുങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും കരുതുന്നു. മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് അറിയാൻ സ്നിഫര്‍ ഡോഗുകളെ വീണ്ടും എത്തിച്ചാല്‍ ഫലപ്രദമാകുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്. ഇതുവരെ 56 മൃതദേഹമാണ് കിട്ടിയത്. 13-15 പേരെയാണ് കണ്ടുകിട്ടാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.