തൊട്ടും കേട്ടും പഠിച്ച ഖുർആനിൽ പരീക്ഷയെഴുതി നൂറുപേർ
text_fieldsകൊച്ചി: തൊട്ടും കേട്ടും പഠിച്ച ഖുർആനിൽനിന്ന് പരീക്ഷയെഴുതിയ സന്തോഷത്തിൽ സംസ്ഥാനത്ത് നൂറോളം പേർ. കാഴ്ച, കേൾവി പരിമിതരായവർക്ക് പ്രത്യേകം നൽകിയ പരിശീലനത്തിലൂടെയാണ് പരീക്ഷക്ക് സജ്ജരാക്കിയത്. എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ ഇരുപതോളം പേർ പരീക്ഷ എഴുതി. കോവിഡ് കാലത്തിനുശേഷം റമദാനിൽ നടന്ന അഖില കേരള പരീക്ഷ ഇവർക്ക് പുത്തൻ ഊർജമായി.
കാഴ്ചയും കേൾവിയും ഇല്ലാത്തവർക്ക് ഖുർആൻ പഠിപ്പിക്കുന്ന ഐ.എസ്.എം കമ്മിറ്റിയുടെ കീഴിലെ റിവാഡ് ഫൗണ്ടേഷനാണ് പരീക്ഷ സംഘടിപ്പിച്ചത്. കാഴ്ചപരിമിതർക്ക് ബ്രെയിലി ലിപിയിലൂടെയും കേൾവിയില്ലാത്തവർക്ക് പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കിയുമാണ് ഖുർആൻ പഠിപ്പിക്കുന്നതെന്ന് കാഴ്ച പരിമിതിയുള്ള അധ്യാപകരിൽ ഒരാളായ കെ.എ. ഷിഹാബ് പറയുന്നു.
താമരശ്ശേരി ഗവ. വൊക്കേഷനൽ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ് ഇദ്ദേഹം. അറബി ഭാഷയുടെ സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാൻ അറിയുന്നവർ കുറവായതുകൊണ്ട് കേൾവിയില്ലാത്തവർക്ക് ഖുർആൻ പാഠങ്ങൾ പകരുന്നത് ചെലവേറിയതാണെന്ന് ഷിഹാബ് പറയുന്നു. കാഴ്ചയില്ലാത്തവർക്ക് പഠിക്കുന്നതിന് ഖുർആനിലെ ഇഖ്ലാസ്, ഫാത്തിഹ അധ്യായങ്ങൾ ബ്രെയിലി ലിപിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഖുർആനിന്റെ 30 ഭാഗങ്ങളിൽ ഒന്ന് തയാറാക്കാൻ ഇത്തരത്തിൽ 30,000 രൂപയോളം ചെലവ് വരും. എന്നാൽ, കേൾവിയില്ലാത്തവർക്കായി ആംഗ്യഭാഷയിൽ പഠന സോഫ്റ്റ്വെയർ തയാറാക്കാൻ ഒരു അധ്യായത്തിന് മാത്രം 30,000 രൂപയോളമാണ് ചെലവെന്നും ഷിഹാബ് പറഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ശ്രമങ്ങൾ നടത്തുന്നത്.
ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് എറണാകുളത്ത് പരീക്ഷക്ക് എത്തിയത്. ചെറുപ്പക്കാരും പ്രായമേറിയവരും സ്ത്രീകളും ഇവരിലുണ്ട്. റിവാഡ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പരപ്പനങ്ങാടി അബ്ദുൽ ജലീൽ മാസ്റ്റർ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എം. സ്വലാഹുദ്ദീൻ മദനി, നൂർ മുഹമ്മദ് നൂർഷ, അഫ്സൽ കൊച്ചി, ആസിഫ് ഇസ്ലാഹി, ജയ്സൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.