ചോരവീണ മണ്ണിന് നിത്യയൗവനം; പൂക്കോട്ടൂർ യുദ്ധത്തിന് നൂറു വയസ്സ്
text_fieldsമലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നും മലബാർ വിപ്ലവത്തിലെ ഏറ്റവും രക്തരൂഷിത അധ്യായവുമായ 1921 ആഗസ്റ്റ് 26ലെ പൂക്കോട്ടൂർ യുദ്ധത്തിന് നൂറു വയസ്സ്. കോഴിക്കോടു നിന്ന് മലപ്പുറത്തേക്കു വന്ന ലെയിൻസ്റ്റർ റെജിമെൻറിലെ നൂറുപേരും മലബാർ സ്പെഷൽ ഫോഴ്സിലെ 28 പൊലീസുകാരുമടങ്ങിയ ബ്രിട്ടീഷ് പട്ടാളത്തോട് 350 ഓളം വരുന്ന മാപ്പിള പോരാളികൾ ഗറില്ല യുദ്ധമുറയിൽ നടത്തിയ ചെറുത്തുനിൽപായിരുന്നു പൂക്കോട്ടൂർ യുദ്ധം. സൈനിക ലോറികളിലും സൈക്കിളിലും കാൽനടയുമായി വന്ന സൈന്യത്തിനൊപ്പം റോയൽ ആർമി മെഡിക്കൽ കോർപ്സ് സംഘവുമുണ്ടായിരുന്നു.
ആഗസ്റ്റ് 26ന് പുലർച്ചെ കൊണ്ടോട്ടിയിൽ നിന്ന് പുറപ്പെട്ട പട്ടാളത്തെ നേരിടാൻ പൂക്കോട്ടൂരിനും പിലാക്കലിനുമിടയിൽ ദേശീയപാതയുടെ ഇരുവശത്തുമുള്ള നെൽപാടത്ത് മാപ്പിള പോരാളികൾ ഒളിഞ്ഞിരുന്നു. സൈന്യം പൂക്കോട്ടൂർ അങ്ങാടിയിൽ നിന്ന് നീങ്ങാൻ തുടങ്ങിയപ്പോഴാണ് ആദ്യ വെടിപൊട്ടിയത്. ഇതോടെ അപകടം മണത്ത ബ്രിട്ടീഷ് സൈനിക വ്യൂഹം അവിടെ നിൽക്കുകയും പുക ബോംബെറിഞ്ഞ ശേഷം സ്റ്റോക്സ് മോർട്ടാർ പീരങ്കികളും ലൂയിസ് ഗണ്ണുകളും കൊണ്ട് മാപ്പിള പോരാളികളെ നേരിട്ടു.
അഞ്ചു മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ യുദ്ധനായകനും പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയുമായ വടക്കുവീട്ടിൽ മുഹമ്മദ് ഉൾപ്പെടെ 257 പോരാളികളാണ് രക്തസാക്ഷികളായത്. ബ്രിട്ടീഷ് പക്ഷത്ത് എ.എസ്.പി സി.ബി. ലങ്കാസ്റ്ററുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടെന്നാണ് ബ്രിട്ടീഷ് ഭരണകൂടം അവകാശപ്പെട്ടത്. എന്നാൽ ബ്രിട്ടീഷ് സേനക്ക് വൻതോതിൽ നാശമുണ്ടായെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ലെയിൻസ്റ്റർ റെജിമെൻറിലെ 70 സൈനികരെയും 17 പൊലീസുകാരെയും കാണാനില്ലെന്നും ഒട്ടേറെ യൂറോപ്യന്മാർ കൊല്ലപ്പെട്ടതായും ആഗസ്റ്റ് 29നും 30നുമായി അമേരിക്കൻ പത്രങ്ങളായ ബഫലോ ടൈംസ്, ദ യോർക് ഡെസ്പാച്ച്, ബോസ്റ്റൺ ഗ്ലോബ്, വിൽക്സ് ബാരി റെക്കോഡ് എന്നിവ റിപ്പോർട്ട് ചെയ്തു. ഇത് പരിഗണിച്ചാൽ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സൈന്യത്തിന് ഏറെ ആഘാതമേൽപിച്ച സൈനിക നീക്കങ്ങളിലൊന്നായി പൂക്കോട്ടൂർ യുദ്ധത്തെ ഗണിക്കാം.
പൂക്കോട്ടൂർ യുദ്ധത്തിൽ ഒരു മാപ്പിള സ്ത്രീ രക്തസാക്ഷിയായതായി റോയൽ ആർമി മെഡിക്കൽ കോർപ്സിെൻറ ക്യാപ്റ്റൻ സുള്ളിവൻ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒരുപക്ഷേ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് സേനയുമായി നേരിട്ട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അപൂർവ വനിതകളിലൊരാളാണ് പൂക്കോട്ടൂരിലെ ഈ 'അജ്ഞാത' സ്ത്രീയും. യുദ്ധശേഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഈ പ്രദേശത്താകമാനം ബ്രിട്ടീഷ് പട്ടാളം നരനായാട്ട് നടത്തി. അന്ന് പിടികൂടിയവരെ മലപ്പുറം കോട്ടപ്പടി മൈതാനിയിൽ പ്രത്യേക പട്ടാള കോടതിയാണ് (സമ്മറി കോടതി) കൂട്ടത്തോടെ വിചാരണ നടത്തിയത്. പോരാളികളെ തമിഴ്നാട്ടിലെ കോയമ്പത്തൂർ, കർണാടകയിലെ ബെള്ളാരി, ആന്ധ്രപ്രദേശിലെ രാജമുന്ദ്രി ജയിലുകളിലേക്കും അന്തമാനിലെ സെല്ലുലാർ ജയിലിലേക്കുമയച്ചു. ചിലരെ തൂക്കിലേറ്റുകയും മറ്റുചിലരെ െവടിവെച്ചുകൊല്ലുകയും ചെയ്തു.
വെള്ളക്കാരെൻറ കിരാത ഭരണത്തില്‍നിന്ന് മാതൃരാജ്യത്തെ മോചിപ്പിക്കാന്‍ പൂക്കോട്ടൂരിലെ മാപ്പിള യോദ്ധാക്കള്‍ ഹൃദയരക്തം കൊണ്ട് ചരിത്രമെഴുതിയ ഈ പോരാട്ടത്തെ ചരിത്രപുസ്തകങ്ങള്‍ ബോധപൂർവം വിസ്മരിക്കുകയാണെന്നും മതഭ്രാന്തന്മാരുടെ ലഹളയായും കലാപമായും ചിത്രീകരിക്കപ്പെടുേമ്പാൾ യഥാർഥ ചരിത്രം പുറത്തുകൊണ്ടുവരുക ശ്രമകരമാണെന്നും പുതുതലമുറ ചരിത്രകാരന്മാർ പറയുന്നു.
പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ യതീംഖാന, 1921 പൂക്കോട്ടൂർ യുദ്ധ സ്മാരക ഗേറ്റ് അറവങ്കര, പിലാക്കലിലെ പൂക്കോട്ടൂർ യുദ്ധരക്തസാക്ഷികളുടെ അഞ്ച് മഖ്‌ബറകൾ എന്നിവ സ്മാരകമായി പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും തലയുയർത്തി നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.