ഉഴവൂരിൽ പ്രസിഡൻറ് സ്ഥാനം വൺ ഇന്ത്യ വൺ പെൻഷൻ സംഘടനക്ക്
text_fieldsകോട്ടയം: ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വൺ ഇന്ത്യ വൺ പെൻഷൻ സംഘടന പ്രതിനിധിക്ക്. 22കാരനായ ജോണീസ് പി. സ്റ്റീഫനാണ് യു.ഡി.എഫുമായി സഹകരിച്ച് പഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റത്. പഞ്ചായത്തിലെ 13 വാർഡിൽ എട്ടിടത്ത് വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികളെ നിർത്തിയിരുന്നു.
രണ്ടുപേർ വിജയിച്ചു. നാലാം വാർഡിൽനിന്നുള്ള അംഗമാണ് ജോണീസ് പി. സ്റ്റീഫൻ. അഞ്ജു പി. ബെന്നിയാണ് മറ്റൊരു വൺ ഇന്ത്യ വൺ പെൻഷൻ പ്രതിനിധി. എൽ.ഡി.എഫ്-അഞ്ച്, യു.ഡി.എഫ്-അഞ്ച്, ബി.ജെ.പി-ഒന്ന്, സ്വതന്ത്രർ-രണ്ട് എന്നിങ്ങനെ ആയിരുന്നു ഉഴവൂരിലെ കക്ഷിനില.
ഭരണം പിടിക്കാൻ ഇരുമുന്നണിയും സ്വതന്ത്രരെ സമീപിച്ചിരുന്നു. എന്നാൽ, യു.ഡി.എഫിനൊപ്പം ചേരാനായിരുന്നു ഇവരുടെ തീരുമാനം. യു.ഡി.എഫ് ജോണീസ് പി. സ്റ്റീഫന് പ്രസിഡൻറ് സ്ഥാനവും ഉറപ്പുനൽകിയിരുന്നു. കോൺഗ്രസ്, കേരള കോൺഗ്രസ്-ജോസഫ് വിഭാഗം, വൺ ഇന്ത്യ വൺ പെൻഷൻ അംഗങ്ങൾ ചേർന്ന് ഉഴവൂർ വികസന മുന്നണി എന്ന പേരിലാണ് ഭരണത്തിലെത്തുന്നത്.
ബംഗളൂരു ക്രൈസ്റ്റ് കോളജിലെ എം.എ ഇംഗ്ലീഷ് സാഹിത്യം അവസാന സെമസ്റ്റർ വിദ്യാർഥിയാണ് ജോണീസ് പി. സ്റ്റീഫൻ. അധ്യാപകദമ്പതികളായ പാണ്ടിയാകുന്നേൽ സ്റ്റീഫെൻറയും ലൈബിയുടെയും മകനാണ്. കോൺഗ്രസിെൻറ റെനി വിൽസനാണ് വൈസ് പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.