കണ്ണൂരിനെ നടുക്കി ആർ.എസ്.എസ് പ്രവർത്തകരുടെ ബോംബ് നിർമാണം
text_fieldsകണ്ണൂർ: കണ്ണൂരിനെ ഭീതിലാഴ്ത്തി ആർ.എസ്.എസ് പ്രവർത്തകരുടെ ബോംബ് നിർമാണം. ഒരുമാസത്തിനിടെ രണ്ടാമത്തെ സ്ഫോടനമാണ് ജില്ലയിൽ ഇന്നലെ രാത്രി ഉണ്ടായത്. രണ്ടിടത്തും പ്രതിസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകർ.
തലശ്ശേരി എരഞ്ഞോളിപാലത്തിനടുത്ത് ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ആർ.എസ്.എസ് പ്രവർത്തകൻ കച്ചുമ്പ്രത്ത്‌താഴെ ശ്രുതിനിലയത്തിൽ വിഷ്‌ണു(20)ന്റെ കൈപ്പത്തി ചിതറിപ്പോയി. കൈക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വ രാത്രി 12ഓടെയാണ് അത്യുഗ്രസ്ഫോടനം ഉണ്ടായത്. വീടിനടുത്ത പറമ്പിൽ ബോംബ് നിർമിക്കുകയായിരുന്നു യുവാവ്. സ്ഫോടനമുണ്ടായ സ്ഥലത്ത് ഏതാനും ദിവസം മുമ്പ് രാത്രി ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. വിഷുക്കാലത്ത് പടക്കത്തിന്‍റെ മറവിൽ ആരുമത് ശ്രദ്ധിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കണ്ണൂരിൽ ഒരുമാസത്തിനിടെ സമാനരീതിയിലുള്ള രണ്ടാമത്തെ സംഭവമാണിത്. കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ആർ.എസ്.എസ് പ്രവർത്തകൻ എ.കെ. സന്തോഷ് (35), ഭാര്യ ലസിത എന്നിവർക്ക് പരിക്കേറ്റത് മാർച്ച് 13നാണ്. രാത്രിയിലായിരുന്നു ആ സംഭവവും. സന്തോഷ് ഇപ്പോൾ റിമാൻഡിലാണ്.
ഇയാളുടെ വീട്ടിൽ രണ്ടുതവണയാണ് സ്ഫോടനമുണ്ടായത്. 2018ൽ സമാനരീതിയിൽ സ്ഫോടനമുണ്ടാവുകയും സന്തോഷിന്റെ വിരൽ അറ്റുപോവുകയും ചെയ്തിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെയാണ് ഗുരുതര പരിക്കെന്ന് അന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതാണ്. കേസും കൂട്ടുമെല്ലാം കുറച്ചു നാളുകൾ നീണ്ടു. പ്രതി വീണ്ടും പഠിച്ച പണി പയറ്റാൻ തുടങ്ങി. അങ്ങനെയാണ് വീണ്ടും സ്ഫോടനമുണ്ടാവുകയും പിടിയിലാവുകയും ചെയ്തത്. ആദ്യ സംഭവത്തിൽ കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ലെന്ന ധൈര്യത്തിൽനിന്നാണ് പ്രതി വീണ്ടും ബോംബ് നിർമാണത്തിലേക്ക് തിരിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.
ബോംബ് നിർമിക്കുന്നത് എന്തിനെന്ന് എല്ലാവർക്കും അറിയാമെങ്കിലും വിഷയം ഗൗരവമായി പൊലീസ് കാണുന്നില്ലെന്ന പരാതി ശക്തമാണ്. അടിക്കടിയുണ്ടാവുന്ന സ്ഫോടനം അന്വേഷിക്കാൻ പ്രത്യേകമായി ഒരന്വേഷണത്തിനും സർക്കാർ തലത്തിലും തീരുമാനമൊന്നുമുണ്ടാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.