സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ; പ്രവാസികൾക്ക് പ്രത്യേക വായ്പ
text_fieldsതിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള 'സംരംഭക വർഷം' പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതുൾപ്പെടെ പ്രത്യേക ഘടക പദ്ധതി ആവിഷ്‌കരിക്കും. വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള ധാരണയായി.
വരുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് വ്യവസായ വകുപ്പ് പദ്ധതി തയാറാക്കിയത്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി, കേരള ബാങ്ക് എന്നിവരുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കിൽ പ്രവാസി സംരംഭകർക്ക് വായ്പ നൽകാൻ നടപടി സ്വീകരിക്കും.
സർക്കാറിന്റെ പലിശയിളവും നൽകാൻ ആലോചിക്കുന്നുണ്ട്. ഇതിനകം പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചത് 3500 എം.എസ്.എം.ഇകളാണ്. ഇത് ഗണ്യമായി ഉയർത്താനാണ് ശ്രമിക്കുന്നത്.
പ്രവാസി സംരംഭകർക്കായി വ്യവസായ വകുപ്പും നോർക്കയും ചേർന്ന് പരിശീലന പരിപാടികൾ ഒരുക്കും. പ്രവാസികളുടെ നൈപുണ്യം വ്യവസായങ്ങൾക്കായി ഉപയോഗപ്പെടുത്താനും പരിപാടി തയാറാക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളും നോർക്ക സംരംഭക സഹായ കേന്ദ്രങ്ങളും ഏകോപിച്ച് ഇതിനുള്ള കർമ്മ പരിപാടി തയാറാക്കാനും തീരുമാനമായി.
ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ഉൽപന്നം എന്ന പദ്ധതി പദ്ധതി പ്രകാരം പ്രവാസി സംരംഭകർക്ക് അവസരങ്ങൾ നൽകും. സംരംഭങ്ങളുടെ ശ്രേണിയും വലിപ്പവും വർധിപ്പിക്കാനും സംരംഭക വർഷത്തിൽ പദ്ധതി തയാറാക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.