കൈക്കൂലി വാങ്ങുന്നതിനിടെ ഉടുമ്പൻചോല താലൂക്ക് റീസർവേ സൂപ്രണ്ട് പിടിയിൽ
text_fieldsനെടുങ്കണ്ടം: കൈക്കൂലി വാങ്ങുന്നതിനിടെ ഉടുമ്പൻചോല താലൂക്ക് റീസർവേ സൂപ്രണ്ട് വിജിലൻസ് പിടിയിലായി. കൊല്ലം കുമ്പളം അഖിൽ ഭവനിൽ എൽ.ടി. പോൾകുമാറിനെയാണ് തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പി ജോൺസൺ ജോസഫിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പട്ടയം നൽകുന്നതിന് സർവേ നടപടി പൂർത്തീകരിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അണക്കര വില്ലേജിൽ ഉൾപ്പെട്ട പുറ്റടി തണ്ടളത്ത് അജയെൻറ പരാതിയിലാണ് അറസ്റ്റ്. 2010ലാണ് അജയൻ പിതാവ് വിജയെൻറ പേരിലുള്ള 34 സെൻറ് സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നൽകിയത്. അപേക്ഷ താലൂക്ക് സർവേ സൂപ്രണ്ടിെൻറ അരികിലെത്തിയശേഷം നിരവധിതവണ ഓഫിസ് കയറിയിറങ്ങിയിട്ടും പട്ടയം ലഭിച്ചില്ലെന്ന് അജയൻ പറയുന്നു.
ഏഴുവർഷം പിന്നിട്ടിട്ടും സർവേ സൂപ്രണ്ട് ഓഫിസിൽനിന്ന് ഫയൽ തഹസിൽദാറുടെ പക്കലെത്തിയില്ല. ഇതിനിടെ, 20 തവണയിലധികം നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ സൂപ്രണ്ട് ഒാഫിസിൽ എത്തി. 34 സെൻറ് സ്ഥലം പരിശോധിക്കാൻ സൂപ്രണ്ട് ഓഫിസിൽനിന്ന് 15ഓളം തവണ ഓട്ടോ വിളിച്ച് ജീവനക്കാർ പുരയിടത്തിലെത്തി അളവ് നടത്തി.
ഈ ഇനത്തിൽ കുറഞ്ഞത് 20,000 രൂപയിലധികം നൽകിയിട്ടുണ്ട്. ഇതുകൂടാതെയാണ് അയ്യായിരം രൂപ ആവശ്യപ്പെട്ടത്. രണ്ടുദിവസം മുമ്പ് സർവേ സൂപ്രണ്ട് ഫോണിൽ വിളിച്ച് 5000 രൂപയുമായി വ്യാഴാഴ്ച രാവിലെ ഓഫിസിലെത്താൻ പറഞ്ഞതായി അജയൻ കൂട്ടിച്ചേർത്തു. തുടർന്ന് വിവരം തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ന് മിനി സിവിൽ സ്റ്റേഷന് സമീപത്തെ ബാത് റൂമിന് പിന്നിൽ വെച്ച് അജയനിൽനിന്ന് പോൾകുമാർ പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. വിജിലൻസ് സി.ഐമാരായ ടിപ്സൺ ജെ. മേക്കാടൻ, അനിൽ ജോർജ്, എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ എം.കെ. മത്തായി, ദാനിയൽ, രാജേഷ്, സാബു എന്നിവരടങ്ങിയ സംഘമാണ് പോൾ കുമാറിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.