കാൽപെരുമാറ്റം കേട്ടാൽ സിദ്ധു തിരയും; അമ്മയെ
text_fieldsപേരാമ്പ്ര: മുറ്റത്തുനിന്ന് ചെറിയൊരു കാൽപെരുമാറ്റം കേട്ടാൽ സിദ്ധു (സിദ്ധാർഥ്) ഓടിയെത്തി നോക്കും. കഴിഞ്ഞ ഒരു മാസമായി ഈ രണ്ടു വയസ്സുകാരെൻറ പതിവാണിത്. മാസം മുമ്പ് ഒരു സുപ്രഭാതത്തിൽ അവന് പൊന്നുമ്മ നൽകി പോയ അമ്മ തിരിച്ചു വരുന്നുണ്ടോ എന്നാണ് അവൻ എത്തിനോക്കുന്നത്.
ഇനി അവനെ താരാട്ടു പാടി ഉറക്കുവാനോ ലാളിക്കുവാനോ അമ്മ ഒരിക്കലും തിരിച്ചുവരില്ലെന്ന് അവനറിയുന്നില്ല. അഞ്ചു വയസ്സുകാരൻ ജ്യേഷ്ഠൻ കുഞ്ചു(ഋതുൽ-5)വിന് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. അവന് അടുത്ത ആഴ്ച മുതൽ യു.കെ.ജിയിൽ പോകാനുള്ളതാണ്. എൽ.കെ.ജിയിലായിരുന്ന സമയത്ത് സ്കൂളിൽ പോകാനൊരുക്കുന്നതും പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കുന്നതും അമ്മയായിരുന്നു. എന്നാൽ, ഈ അധ്യയന വർഷം കുഞ്ചുവിനെ ഒരുക്കാനും അവെൻറ പഠനകാര്യങ്ങൾ നോക്കാനും അമ്മയുണ്ടാവില്ലെന്നത് അവനെ സങ്കടപ്പെടുത്തുന്നു.
മകൾ നഷ്ടപ്പെട്ട് ഉരുകുന്ന ഒരു അമ്മ മനസ്സും ഈ വീട്ടിലുണ്ട്. മകൾ കുടുംബ ജീവിതം തുടങ്ങുമ്പോഴേക്കും രണ്ട് പിഞ്ചു മക്കളെ ഇവരുടെ കൈയിൽ ഏൽപിച്ചാണ് യാത്രയായത്. കുഞ്ചുവിെൻറയും സിദ്ധുവിെൻറയും അമ്മ ചെമ്പനോട പുതുശ്ശേരി ലിനി പേരാമ്പ്ര താലൂക്കാശുപത്രിയിൽ രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മേയ് 21നാണ് മരിക്കുന്നത്. ചെയ്യുന്ന സേവനത്തോടുള്ള ലിനിയുടെ ആത്മാർഥതകൂടിയായിരുന്നു ഈ രക്തസാക്ഷിത്വം.
മരണം കൈയെത്തും ദൂരത്തെത്തിയെന്ന് മനസ്സിലാക്കിയ ലിനി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയവെ പ്രിയതമൻ സജീഷിനെഴുതിയ കുറിപ്പ് നിറകണ്ണുകളോടെയാണ് മലയാളികൾ വായിച്ചത്. ഒരമ്മയുടെ കരുതലും ഭാര്യയുടെ സ്നേഹവും ആ കുറിപ്പിലെ വാചകങ്ങളിലുണ്ടായിരുന്നു.
കുഞ്ചുവിനും സിദ്ധുവിനും ഇപ്പോൾ വേണ്ട കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കുന്നത് അമ്മമ്മ രാധയും അച്ഛൻ സജീഷുമാണ്. ലിനിയുടെ രോഗവിവരമറിഞ്ഞ് വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് സജീഷ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.