കണ്ണൂരിൽ ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളയാളുടെ നില തൃപ്തികരം
text_fieldsകണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു.തലശ്ശേരിയിൽ നിന്നും ചികിത്സക്കെത്തിയ രോഗിയുടെ പരിശോധന ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്.ഇതോടെ ജില്ലയിൽ രണ്ടു കേസുകൾ സ്ഥിരീകരിച്ചു.ദുബൈയിൽ നിന്നാണ് ഇയാൾ നാട്ടിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്.
തുടർന്നുള്ള പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. നേരത്തെ അബുദാബിയിൽ നിന്നെത്തിയ വയനാടു സ്വദേശിയായ 26കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
വാർഡ് 803 ൽ വെവ്വേറെ മുറികളിലാണ് ഇരുവരും ചികിത്സയിലുള്ളത്. എം പോക്സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എട്ടാം നിലയിൽ പ്രത്യേകമായി ഒരുക്കിയ വാർഡിൽ ചികിത്സക്കായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും നടപടി സ്വീകരിച്ചതായി സൂപ്രണ്ട് ഡോ.കെ.സുദീപ് 'മാധ്യമ'ത്തോടു പറഞ്ഞു.
അതിനിടെ, എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു.
ചികിത്സയിലുള്ളവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആർ.ആർ.ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
എംപോക്‌സ് വളരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പര്‍ക്കമുണ്ടായാല്‍ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എംപോക്‌സ് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഐസൊലേഷനില്‍ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്.
ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക.
മുണ്ടിനീരിനുള്ള പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുണ്ടിനീര് ബാധിച്ച കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. സ്റ്റേറ്റ് അഡൈ്വസറി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.