ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളജ് കൂടി അടച്ചുപൂട്ടലിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്വാശ്രയ കോളജ് കൂടി അടച്ചുപൂട്ടല്‍ നടപടിയിലേക്ക്. കൊല്ലം ഓയൂര്‍ ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജിനാണ് അഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാട്ടി സാങ്കേതികസര്‍വകലാശാല നോട്ടീസ് നല്‍കിയത്. സാങ്കേതികസര്‍വകലാശാലക്ക് കീഴില്‍ ബി.ടെക് കോഴ്സ് നടത്തുന്ന കോളജിലെ 149 വിദ്യാര്‍ഥികള്‍ക്ക് കോളജ്മാറ്റത്തിനും സര്‍വകലാശാല അനുമതി നല്‍കി. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ഇതര എന്‍ജിനീയറിങ് കോളജുകള്‍ക്കും കൈമാറിയിട്ടുണ്ട്.
അഞ്ച് മാസമായി ശമ്പളമില്ലാതെ കോളജിലെ അധ്യാപകരും ജീവനക്കാരും സമരത്തിലായതിനാല്‍ അധ്യയനം മുടങ്ങിയിരിക്കുകയാണ്. പ്രശ്നത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടുകയും സര്‍വകലാശാലയോട് വിശദീകരണം തേടുകയും ചെയ്തു. തുടര്‍ന്ന് കോളജ് ചെയര്‍മാന്‍, സെക്രട്ടറി, ട്രഷറര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ സര്‍വകലാശാലയുടെ അഫിലിയേഷന്‍ അപ്പീല്‍ കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. തിങ്കളാഴ്ചക്കകം ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കണമെന്നും അടുത്ത ആറ് മാസത്തെ ശമ്പളവും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമുള്ള ബാങ്ക് ഗാരന്‍റി ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കി. തിങ്കളാഴ്ച കൂടുതല്‍ സമയം ചോദിക്കുകയാണ് മാനേജ്മെന്‍റ് ചെയ്തത്. ഇത് തള്ളിയാണ് സര്‍വകലാശാല അഫിലിയേഷന്‍ റദ്ദ് ചെയ്യുന്നതിന്‍െറ മുന്നോടിയായി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഒന്നാം വര്‍ഷ ബി.ടെക് കോഴ്സിന് 39ഉം രണ്ടാം വര്‍ഷത്തിന് 110ഉം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നേരത്തേ, കേരള സര്‍വകലാശാലക്ക് കീഴിലായിരുന്നു കോളജ്. ഈ അധ്യയനവര്‍ഷം ആരംഭത്തില്‍ അഞ്ച് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ സാങ്കേതികസര്‍വകലാശാല പിന്‍വലിച്ചിരുന്നു. ഇതില്‍ രണ്ട് കോളജുകള്‍ പിന്നീട് ഹൈകോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലും മൂന്ന് മാസമായി അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നില്ളെന്നും നടത്തിപ്പിന് മാനേജ്മെന്‍റ് പ്രതിസന്ധി നേരിടുന്നെന്നും സര്‍വകലാശാലക്ക് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്.
അധ്യാപകര്‍ പരാതിയുമായി സമീപിച്ചാല്‍ പ്രശ്നത്തില്‍ സര്‍വകലാശാല ഇടപെടും. വിദ്യാര്‍ഥിപീഡന പരാതികളെ തുടര്‍ന്ന് കോട്ടയം മറ്റക്കര ടോംസ് കോളജിന്‍െറ അഫിലിയേഷന്‍ അടുത്ത വര്‍ഷം പിന്‍വലിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.