മകളുടെ മുന്നിൽ പിതാവിനെ മർദിച്ച സംഭവത്തിൽ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരന് കൂടി സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയ വിദ്യാർഥിനിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആർ.ടി.സി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്. അജികുമാറിനെയാണ് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
ഈ സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി ആര്യനാട് യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം വിശദമായി വിഡിയോ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് മെക്കാനിക് ജീവനക്കാരനായ അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് മലയിൻകീഴ് മാധവകവി ഗവ. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥി രേഷ്മയും പതാവ് പ്രേമനനും കാട്ടാക്കട ഡിപ്പോയില്‍ കണ്‍സഷൻ കാർഡ് പുതുക്കാനെത്തിയത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ കൗണ്ടറിലെത്തിയപ്പോൾ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായി ജീവനക്കാർ. മൂന്ന് മാസം മുമ്പ് കോഴ്സ് സർട്ടിഫിക്കറ്റ് നല്‍കിയാണ് കണ്‍സഷന്‍ എടുത്തതെന്നും ആവശ്യമെങ്കില്‍ അടുത്ത പ്രാവശ്യമോ അടുത്തദിവസമോ വീണ്ടും നല്‍കാമെന്നും പ്രേമനൻ പറഞ്ഞെങ്കിലും ജീവനക്കാർ അംഗീകരിച്ചില്ല.
'ഇത്തരം ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ ശാപം' എന്ന് പ്രേമനൻ പറഞ്ഞതിൽ പ്രകോപിതനായ ജീവനക്കാരൻ സുരക്ഷ ഉദ്യോഗസ്ഥനെ വിളിച്ചു. ഉദ്യോഗസ്ഥനെത്തി പ്രേമനനെയും മകളെയും കൗണ്ടറിൽനിന്ന് തള്ളിമാറ്റാൻ ശ്രമിച്ചു. വഴങ്ങാതെ പ്രതിഷേധിച്ചപ്പോൾ കൂടുതൽ ജീവനക്കാരെത്തി ഇരുവരെയും മർദിക്കുകയായിരുന്നു. മകൾ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചതിനെ തുടർന്നാണ് ഇവർക്ക് ആശുപത്രിയിലേക്ക് പോകാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.