ആനക്കൊമ്പ് പിടികൂടിയ കേസില്‍ ഒരാൾകൂടി അറസ്റ്റിൽ
text_fieldsകരുളായി: കോഴിക്കോട്ട് ആനക്കൊമ്പ് പിടികൂടിയ കേസില്‍ ഒരാളെക്കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. പാലക്കാട് തൃക്കടീരി വീരമംഗലം സ്വദേശി സ്രാമ്പിക്കല്‍ സിറാജുട്ടി എന്ന ഷാജിയെയാണ് കരുളായി വനം റേഞ്ച് ഓഫിസര്‍ പി.കെ. മുജീബ് റഹ്മാന് അറസ്റ്റ് ചെയ്തത്. കേസിൽ ഇതിനകം 10 പേരാണ് പിടിയിലായത്. ആനക്കൊമ്പ് കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏഴിന് വനം ഇന്റലിജൻസ് സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോഴിക്കോട്ട് ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിടെ താമരശ്ശേരി സ്വദേശി ചുണ്ടകപ്പൊയില്‍ ദീപേഷ്, തിരുവണ്ണൂര്‍ പുതിയവീട്ടില്‍ സലീം, ബെലിയചാല്‍ ചേട്ട സ്വദേശി മുഹമ്മദ് മൊബീന്‍, ചെറുകുളം മക്കട സത്രത്തില്‍ ജിജീഷ്, വട്ടപ്പറമ്പ് സ്വദേശി വലിയപറമ്പ് മുഹമ്മദ് അനസ് എന്നിവരെ വനം വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്.
ഇവരുടെ മൊഴിപ്രകാരം ആനക്കൊമ്പ് പുഴയില്‍നിന്ന് കണ്ടെടുത്ത കരുളായി മാഞ്ചിരി കോളനിയിലെ ഹരിദാസന്, ഇയാളില്‍നിന്ന് വാങ്ങിയ മൂത്തേടം നെല്ലിക്കുത്ത് നമ്പൂരിപ്പൊട്ടി വലിയ വീട്ടില്‍ മോഹൻദാസ്, നെല്ലിക്കുത്ത് നമ്പൂരിപ്പൊട്ടി പാലപ്പെറ്റ വീട്ടില്‍ അബ്ദുൽ മുനീര്‍, കരുളായി വാരിക്കല്‍ കൊളപ്പറ്റ ഹൈദര്‍ എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് കൊമ്പ് കരുളായിയില്‍നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയ സിറാജുട്ടി പിടിയിലായത്. ആറാംപ്രതി മോഹന്‍ദാസ് സിറാജുട്ടിയെ വിളിച്ച് കെ.പി. ഹൈദറിന്റെ പക്കല്‍ ആനക്കൊമ്പുണ്ടെന്നും വില്ക്കാന് സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നത്രെ.
വില്ക്കാന് സഹായിച്ചാല്‍ ഒരു വിഹിതം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. സിറാജുട്ടി അഞ്ചാം പ്രതി മുഹമ്മദ് അനസിനെ വിവരമറിയിച്ചു. അനസിന്റെ നിര്‍ദേശപ്രകാരമാണ് ഓട്ടോയില്‍ ആനക്കൊമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള മുഹമ്മദ് അനസിന്റെ സുഹൃത്തെന്ന് പറയുന്നയാളുടെ അടുത്തെത്തിച്ചതെന്നും സിറാജുട്ടി മൊഴി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.