കരിപ്പൂരിൽ സ്വർണക്കടത്ത് സംഘം ഡി.ആർ.െഎ ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു; രണ്ടുപേർക്ക് പരിക്ക്, ഒരാൾ പിടിയിൽ
text_fieldsകരിപ്പൂര്‍: രഹസ്യവിവരത്തെ തുടര്‍ന്ന് സ്വര്‍ണം പിടികൂടാനെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) ഉേദ്യാഗസ്ഥരെ സ്വർണക്കടത്ത് സംഘം കാറിടിച്ച് തെറിപ്പിച്ചു. രണ്ട് ഡി.ആർ.െഎ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതിനെത്തുടർന്ന് ഒരാൾ പിടിയിലായി.
രണ്ടാമത്തെയാൾ ഒാടി രക്ഷപ്പെട്ടു. പിടിയിലായയാളിൽനിന്ന് ഒരു കോടിക്ക് മുകളിൽ വില വരുന്ന മൂന്നു കിലോഗ്രാം സ്വർണം പിടികൂടി. പരിക്കേറ്റ ഡി.ആർ.െഎ ഇൻസ്പെക്ടർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മുക്കം സ്വദേശി നിസാറാണ് പിടിയിലായത്. അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാനാണ് രക്ഷപ്പെട്ടെതന്ന് പൊലീസ് അറിയിച്ചു. ഇയാളുെട സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലപാതകശ്രമത്തിനും ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പിടിയിലായ നിസാറും കോഴിക്കോട്ട് ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ ഒമ്പതോടെ കരിപ്പൂർ ഹജ്ജ് ഹൗസിന് സമീപത്താണ് സംഭവം. കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ സ്വർണവുമായി പോകുന്നതിനിടെയാണ് ഇവരെ പിടികൂടാൻ ഡി.ആർ.െഎ ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഒരാഴ്ചയായി ഇരുവരും ഡി.ആർ.െഎ നിരീക്ഷണത്തിലായിരുന്നു.
വിമാനത്താവളത്തിൽനിന്ന് സ്വർണം കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഇത് സാധിക്കാതെ വന്നതോടെയാണ് സ്വർണവുമായി പോകുേമ്പാൾ പിടികൂടാൻ ശ്രമിച്ചത്. ഞായറാഴ്ച പുലർച്ചെ ദോഹയിൽ നിന്നുള്ള വിമാനത്തിൽ നിന്നുള്ള യാത്രാക്കാരനെത്തിച്ച സ്വർണം വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ വെച്ചാണ് കൈമാറിയതെന്നാണ് നിഗമനം.
സ്വർണക്കടത്ത് സംഘം സഞ്ചരിച്ച കാർ അന്വേഷണസംഘം പിന്തുടരുകയും മറ്റൊരു സംഘം ഉദ്യോഗസ്ഥർ റോഡരികിൽ കാത്തുനിൽക്കുകയുമായിരുന്നു. കാത്തുനിന്നവർ കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ടുപോയ സ്വർണക്കടത്ത് സംഘത്തിെൻറ കാർ ഇടത്തോട്ടെടുത്തു. ഇതോടെ പിറകിൽ വന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അൽപദൂരം മുന്നോട്ടുപോയ കാർ നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ച് നിന്നു. ഉടൻ രണ്ടുപേരും ഒാടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർക്ക് ഒരാളെ മാത്രമേ പിടികൂടാൻ സാധിച്ചുള്ളൂ. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. അപകടത്തിൽ ഡി.ആർ.െഎയുടെ കാറിനും ബൈക്കിനും കേടുപാട് സംഭവിച്ചു. ആറുപേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.