നാടിനെ ഇരുട്ടിലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; കൂട്ടുപ്രതിയായ കെ.എസ്.ഇ.ബി ജീവനക്കാരനായി അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: നാടിനെ ഇരുട്ടിലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; കൂട്ടുപ്രതിയായ കെ.എസ്.ഇ.ബി ജീവനക്കാരനായി അന്വേഷണം തുടങ്ങി. കെ.എസ്.ഇ.ബി കല്ലായി സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റുകയും റിങ് മെയിൻ യൂനിറ്റുകൾ (ആർ.എം.യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പെരുവയൽ കല്ലേരി സായി കൃപയിൽ വി. രജീഷ് കുമാറിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയും കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വർക്കറുമായ വി.സുബൈർ ഇപ്പോൾ ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് രാത്രിയാണ് കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ പതിമൂന്നോളം ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് വയർ മുറിച്ചും ആറ് ആർ.എം യുകൾ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ ഇവർ ഇരുട്ടിലാക്കി. സി.സി ടി.വി ദൃശ്യങ്ങളിൽനിന്നും ഇവർ കൃത്യം നിർവഹിക്കുന്നത് വ്യക്തമാണ്. നേരത്തെ കരാറടിസ്ഥാനത്തിൽ വാഹന കോൺട്രാക്ടറായിരുന്ന രാജേഷിനെ കൃത്യനിർവഹണത്തിലെ ക്രമക്കേടുകളെത്തുടർന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണ് ഈ പ്രവർത്തിക്കുപിന്നിലുള്ളത് എന്നാണ് പൊലീസിൻറെ നിഗമനം.
വൈദ്യുതി തടസം സംബന്ധിച്ച പരാതി പരിഹരിക്കാനെത്തിയ ജീവനക്കാരാണ് ഫ്യൂസ് വയർ മുറിച്ചുമാറ്റിയതായും ആർ.എം.യു ഓഫ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയത്. ഇവർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കെ.എസ്.ഇ.ബി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. തുടർന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറും അസി. എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റൻറ് എഞ്ചിനീയറും സ്ഥലത്തെത്തി സംയുക്തമായി വിശദമായ പരിശോധന നടത്തുകയും ചെയ്തു.
കേസിലെ രണ്ടാം പ്രതിയായ സുബൈറിനായുള്ള അന്വേഷണം തുടങ്ങി. പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തി. വൈദ്യുതി തടസം കാരണം ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബിക്കും ഉണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. പ്രതികൾക്കെതിരെ കെ.എസ്.ഇ.ബി വിജിലൻസ് അന്വേഷണവും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.