മാഹി ബൈപ്പാസിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
text_fieldsമാഹി: മാഹി ബൈപ്പാസിലെ സിഗ്നൽ ജങ്ഷനിൽ വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെ 6.30 നാണ് ആദ്യ അപകടം. ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. നാലു മണിക്കൂറിനുശേഷം രണ്ടാമത്തെ അപകടമുണ്ടായി. ചൊക്ലി - മാഹിപ്പാലം റോഡിലൂടെ വന്ന സ്കൂട്ടറും ബൈപാസിലൂടെയെത്തിയ കാറുമാണ് അപകടത്തിൽപെട്ടത്. യുവാവും യുവതിയുമാണ് സ്കൂട്ടറിലുണ്ടായത്. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.
ആദ്യ അപകടത്തിൽ ഓട്ടോ ഡ്രൈവർ തമിഴ് നാട് തൂത്തുക്കുടി സ്വദേശി മുത്തു (67) വാണ് മരിച്ചത്. കണ്ണൂർ ഭാഗത്തുനിന്ന് വടകരയിലേക്ക് ബൈപ്പാസ് പാതയിലൂടെ പോകുകയായിരുന്ന കാറും, ഈസ്റ്റ് പള്ളൂർ ഭാഗത്തുനിന്ന് ബൈപ്പാസ് റോഡിലേക്ക് കയറി വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. പള്ളൂരിൽനിന്ന് മാഹി റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടം പോയി തിരിച്ചുവരികയായിരുന്നു. ഓട്ടോ ഡ്രൈവർക്ക് ചൊക്ലി മെഡിക്കൽ സെന്‍ററിൽ പ്രാഥമിക ചികിത്സ നൽകി തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
പള്ളൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് മുത്തു. 40 വർഷമായി മുത്തു ജന്മനാട് വിട്ട് പള്ളുർ ഇരട്ടപ്പിലാക്കൂൽ ഭാഗത്താണ് താമസം. ആദ്യം പള്ളൂർ സ്വദേശിനിയായ സാവിത്രിയെ കല്യാണം കഴിച്ചു. ഇതിൽ രണ്ട് മക്കളുണ്ട്. സഭിലാഷ്, സലിന എന്നിവരാണ് മക്കൾ. സഭിലാഷ് തിരുവനന്തപുരത്ത് ബേക്കറി നടത്തുന്നു. സലിന കുടുംബവുമായി ബംഗളുരുവിലാണ്. സാവിത്രിയുടെ മരണത്തെ തുടർന്ന് മാടപ്പീടികയിലെ പുഷ്പയെ വിവാഹം കഴിച്ചു. കാർ ഡ്രൈവർ ഇരിട്ടി സ്വദേശി സിബി ജോസഫിനെ (57) പള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളുർ എസ്.ഐ. രാധാകൃഷ്ണൻ, ഗ്രേഡ് എസ്.ഐ. രാജേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. മുത്തുവിന്‍റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന് മാഹി ഗവ. ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരുടെ മക്കൾ ഞായറാഴ്ച്ച എത്തിയ ശേഷം സംസ്കാരം നടത്തും.
ഒരാഴ്‌ച്ചയ്ക്കിടെ ഈസ്റ്റ് പള്ളുർ സിഗ്നനിയിൽ നടന്ന രണ്ടാമത്തെ അപകട മരണമാണിത്. സിഗ്നൽ ലഭിക്കുവാൻ കാത്തിരുന്ന മരം കയറ്റിയ ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് ആലുവ സ്വദേശിയണ് കഴിഞ്ഞയാഴ്ച്ച മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.