പാനൂർ ബോംബ് സ്ഫോടനത്തിൽ നാലു പേർ കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലീസ്
text_fieldsകണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ പാനൂർ കൈവേലിക്കൽ സ്വദേശി അരുൺ ആണ്. അരുൺ ആണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ് (39) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുതൂങ്ങിയ നിലയിലാണ്. സ്ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർക്ക് പരിക്കുണ്ടെങ്കിലും ഇവർ എവിടെയാണ് എന്ന് വ്യക്തമല്ല.
വിവരമറിഞ്ഞ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തുനിന്ന് പൊട്ടാത്ത ഏതാനും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി.
സംഭവസമയത്ത് 10ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മരിച്ച ഷറിൽ സി.പി.എമ്മുകാരനാണെങ്കിലും നേതൃത്വം നിഷേധിച്ചു. സി.പി.എമ്മുകാരെ മർദിച്ചതിന് ഉൾപ്പെടെ ഷറിലിന്റെയും വിനീഷിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. സാമൂഹ മാധ്യമങ്ങളിലടക്കം ഇവർ സി.പി.എമ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ പിതാവ് മാവുള്ള ചാലിൽ വലിയപറമ്പത്ത് നാണു പ്രാദേശിക സി.പി.എം നേതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.