വനിത സ്ഥാനാർഥികളില്ലാതെ മൂന്നിലൊന്നു മണ്ഡലങ്ങൾ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ മൂന്നിലൊന്ന് മണ്ഡലത്തിലും പേരിനുപോലുമില്ല വനിത സ്ഥാനാർഥികൾ. 20 ലോക്സഭ മണ്ഡലത്തിൽ ആറെണ്ണത്തിലും വനിത സ്ഥാനാർഥികളില്ല. 13 സ്ഥാനാർഥികൾ മത്സരിക്കുന്ന കണ്ണൂരിലും 14 പേർ മത്സരിക്കുന്ന കോട്ടയത്തും എട്ടുപേർ മത്സരിക്കുന്ന മലപ്പുറത്തും ഏഴുപേർ മത്സരിക്കുന്ന മാവേലിക്കരയിലും എട്ടുപേർ മത്സരിക്കുന്ന പത്തനംതിട്ടയിലും ഒമ്പതുപേർ മത്സരിക്കുന്ന തൃശൂരിലുമാണ് വനിത സ്ഥാനാർഥികൾ ഒരാൾ പോലുമില്ലാത്തത്.
195 പുരുഷ സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ വെറും 24 വനിത സ്ഥാനാർഥികളാണ് 14 മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. കെ.കെ. ശൈലജ മത്സരിക്കുന്ന വടകരയിലാണ് ഏറ്റവും കൂടുതൽ വനിത സ്ഥാനാർഥികൾ. ശൈലജ യുടെ അപരകളായി മൂന്ന് സ്വതന്ത്ര വനിതകളുണ്ട്. 10 പേർ മത്സരിക്കുന്ന കാസർകോട്ട് മൂന്നു വനിത സ്ഥാനാർഥികളുണ്ട്. വടകരയിലേതുപോലെ ഇവർ അപരകളല്ലെന്നതാണ് കൗതുകം.
പൊന്നാനിയിലും വയനാട്ടിലും കൊല്ലത്തും രണ്ടു വനിതകൾ മത്സരിക്കുന്നുണ്ട്. ആലപ്പുഴയിലും ആലത്തൂരിലും എറണാകുളത്തും ചാലക്കുടിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഓരോ വനിത സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ആറ്റിങ്ങലിൽ മത്സരിക്കുന്ന 37കാരി സുരഭിയാണ് ഏറ്റവും പ്രായംകുറഞ്ഞ വനിത സ്ഥാനാർഥി. കൊല്ലത്തുനിന്നു മത്സരിക്കുന്ന എഴുപത്തിമൂന്നുകാരിയായ പി. കൃഷ്ണമ്മാൾ ആണ് ഏറ്റവും മുതിർന്ന വനിത സ്ഥാനാർഥി.
67 വയസ്സുള്ള വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയാണ് പ്രായത്തിലെ രണ്ടാംസ്ഥാനക്കാരി. ആലത്തൂരിലെ 64 കാരി ഡോ. ടി.എൻ. സരസുവും വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി 60കാരി ആനിരാജയും ജനവിധി തേടുന്ന മുതിർന്ന വനിത സ്ഥാനാർഥികളാണ്. 40 വയസ്സിനു താഴെ അഞ്ചു വനിത സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്.
55 ശതമാനവും 50 പ്ലസ്
സ്ഥാനാർഥിപ്പട്ടികയിൽ 55 ശതമാനത്തിലധികവും 50 പിന്നിട്ടവർ. സ്ഥാനാർഥികളിലെ കാരണവർ കോഴിക്കോട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന എൻ. രാഘവനാണ്. യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ അപരനായ ഇദ്ദേഹത്തിന് 79 വയസ്സാണ്.
ഒരു വയസ്സു പിറകിലാണ് തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറാണ് മൂന്നാമൻ- 77 വയസ്സ്. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി 75കാരനായ കെ. സുധാകരൻ, കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി 74കാരനായ എം.വി. ബാലകൃഷ്ണൻ, കൊല്ലത്തെ 73കാരി പി. കൃഷ്ണമ്മാൾ, കോഴിക്കോട് എം.കെ. രാഘവന്റെ മറ്റൊരു അപരനായ 73കാരൻ രാഘവൻ എന്നിവരുൾപ്പെടെ 16 പേരാണ് ജനവിധി തേടുന്ന 70 പ്ലസുകാർ.
ഏറ്റവും പ്രായം കുറവ് എറണാകുളത്തുനിന്ന് ജനവിധി തേടുന്ന 28കാരനായ ട്വന്റി ട്വന്റി സ്ഥാനാർഥി അഡ്വ. ആന്റണി ജൂഡ് ആണ്. മലപ്പുറം മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന 29കാരനായ നസീഫ് അലി മുല്ലപ്പള്ളിയും എറണാകുളത്ത് ജനവിധി തേടുന്ന 30 കാരനായ രോഹിത്ത് കൃഷ്ണനുമാണ് മറ്റ് ഇളമുറക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.