ഒന്നിനു പിറകെ ഒന്നായി കടുവ; വാകേരിയിൽ വനം വകുപ്പിന് കിതപ്പ്
text_fieldsസുൽത്താൻ ബത്തേരി: ഒന്നിനു പിറകെ ഒന്നായി കടുവ എത്താൻ തുടങ്ങിയതോടെ വാകേരി മേഖലയിലെ ജനം ആശങ്കയിൽ. നരഭോജി കടുവയെ പിടിച്ചതിനുശേഷം അൽപം ആശ്വാസത്തിൽ ഇരിക്കുകയായിരുന്നു ജനം. അതിനുശേഷം ഏതാനും ദിവസം മുമ്പാണ് ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുക്കിടാവിനെ കടുവ കൊന്നുതിന്നത്.
കിടാവിനെ ആക്രമിച്ചതിനുശേഷം കർഷക സംഘടനയായ കിഫ തൊഴുത്തിൽ സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. വൈകിയാണെങ്കിലും ഇവിടെ കൂട് സ്ഥാപിച്ചു. എന്നാൽ, ഒന്നു രണ്ടു ദിവസമായി കടുവയെക്കുറിച്ച് ഒരു വിവരവുമില്ലാത്ത അവസ്ഥയാണ്.
നരഭോജി കടുവയെ പിടിച്ചുകൊണ്ടുപോയതിനുശേഷം രണ്ടാം തവണയാണ് വാകേരി മേഖലയിൽ വീണ്ടും കടുവ എത്തുന്നത്. വാകേരി ഉൾപ്പെടുന്ന പൂതാടി പഞ്ചായത്തിന്റെ വനയോര മേഖലകളിൽ ഒന്നിൽ കൂടുതൽ കടുവകളുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു.
റിസർവ് വനവും സ്വകാര്യ എസ്റ്റേറ്റുകളും നിരവധിയുള്ള പ്രദേശമാണ് വാകേരിയിലെ കൂടല്ലൂർ, മൂടക്കൊല്ലി, പാപ്ലശ്ശേരി, കല്ലൂർക്കുന്ന്, കക്കടം തുടങ്ങിയവ. ഈ പ്രദേശങ്ങളിലൊക്കെ രണ്ടു വർഷമായി ഇടക്കിടെ കടുവയെ കാണാറുണ്ട്.
കൂടല്ലൂരിൽ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചതോടെയാണ് വാകേരി കടുവ വിഷയം കൂടുതൽ ജനശ്രദ്ധയിലേക്കും സങ്കീർണതയിലേക്കും നീങ്ങിയതെന്നു മാത്രം. കൂടല്ലൂർ, മൂടക്കൊല്ലി, മടൂർ പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന മീനങ്ങാടി പഞ്ചായത്തിലെ പ്രദേശമാണ് പുല്ലുമല, മൈലംപാടി, കൊളഗപ്പാറ എന്നിവ.
ഏതാനും ആഴ്ചകളായി ഈ പ്രദേശങ്ങളിലും കടുവ സാന്നിധ്യം സ്ഥിരമായി ഉണ്ടാവുന്നുണ്ട്. പൂതാടി പഞ്ചായത്തിലൂടെ എത്തുന്ന കടുവകളാണ് മീനങ്ങാടി പഞ്ചായത്തിലേക്ക് നീങ്ങുന്നതെന്ന് മുമ്പ് വ്യക്തമായിരുന്നു. വാകേരിയിൽനിന്ന് അരിവയൽ വഴി ബീനാച്ചിയിലെ മധ്യപ്രദേശ് തോട്ടത്തിലേക്ക് കയറാനും കടുവകൾക്ക് എളുപ്പമാണ്.
ബീനാച്ചി എസ്റ്റേറ്റിലേക്ക് കടുവയെത്തുന്നത് ഈ വഴിയാണ്. മൂടക്കൊല്ലിക്കടുത്ത് വാകയിൽ സന്തോഷിന്റെ പശുവിനെ ആക്രമിച്ചതിനുശേഷം തൊട്ടടുത്ത ദിവസവും കടുവ തൊഴുത്തിനു സമീപം എത്തി.
മൂന്നുദിവസം മുമ്പ് ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുക്കിടാവിനെ ആക്രമിച്ചതിനുശേഷം പിറ്റേ ദിവസവും കടുവ തൊഴുത്തിലെത്തി. കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചാൽ അന്നുതന്നെ കൂട് സ്ഥാപിച്ചാൽ കൂട്ടിൽ അകപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.
എന്നാൽ, അത്തരത്തിലുള്ള ദ്രുതഗതിയിലുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. കുപ്പാടി റേഞ്ചിൽപെട്ട പച്ചാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ ഏഴു കടുവകളാണ് നിലവിലുള്ളത്. ഇതിൽ ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം പത്തും അതിൽ കൂടുതലും പ്രായമുള്ളവയാണ്.
ജില്ലയിലെ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന കടുവകളൊക്കെ പ്രായാധിക്യമുള്ളവയാണെന്നാണ് പറയപ്പെടുന്നത്. മൃഗങ്ങളെ വേട്ടയാടാൻ കഴിയാത്ത ഈ കടുവകൾ ജനവാസ കേന്ദ്രത്തിൽ തങ്ങുമെന്ന് ഉറപ്പാണ്. വാകേരിയിലും ഇതാണ് പ്രതിഫലിക്കുന്നത്.
സിസിയിലെത്തിയത് ആൺ കടുവയെന്ന് സംശയം
സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം സിസിയിലെ സുരേന്ദ്രന്റെ പശുക്കിടാവിനെ ആക്രമിച്ചത് ഡബ്ല്യു.വൈ.എസ് 17 എന്ന ആൺ കടുവയാണെന്ന് റിപ്പോർട്ടുകൾ. എന്നാൽ, വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.