നിർമാണ ഉപകരണ വാഹനങ്ങളിൽനിന്ന് ഒറ്റത്തവണ നികുതി ഈടാക്കാം - ഹൈകോടതി
text_fieldsകൊച്ചി: കോൺക്രീറ്റ് മിക്സർ മെഷീനുകൾ ഘടിപ്പിച്ചതടക്കം നിർമാണ ഉപകരണ വാഹനങ്ങളിൽനിന്ന് ഒറ്റത്തവണ നികുതി ഈടാക്കാമെന്ന് ഹൈകോടതി. ചരക്ക് വാഹനങ്ങൾക്ക് അനുവദിച്ച നികുതി സമ്പ്രദായം ഇവക്ക് ബാധകമാവില്ല. നിർമാണ ജോലികളുമായി ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന ഇത്തരം വാഹനങ്ങളെ ചരക്ക് വാഹനങ്ങളുടെ ഗണത്തിൽപെടുത്താനാകില്ലെന്നും ദിനേഷ് കുമാർ സിങ് വ്യക്തമാക്കി. തന്‍റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ മെഷീനുകൾ ഘടിപ്പിച്ച വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി ചുമത്തി വാഹന വകുപ്പ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരം ആറ്റിങ്ങൽ വള്ളിക്കാട് നന്മ മാനുഫാക്ചേർഡ് സാൻഡ് പ്രൊപ്രൈറ്റർ എസ്. സതീഷ് കുമാർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
കേരള മോട്ടോർ വാഹന നിയമത്തിലെ ഷെഡ്യൂൾ സെക്ഷൻ മൂന്ന് അനക്സർ ഒന്ന് പ്രകാരം, പുതിയ വാഹനത്തിന്‍റെ എട്ട് ശതമാനം തുക ഒറ്റത്തവണ നികുതിയായി അടക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നാല് നോട്ടീസാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്. ചരക്ക് വാഹനമായാണ് ഇവ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നതിനാൽ അതിനനുസരിച്ച നികുതി മാത്രമാണ് ബാധകമാവുകയെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
പുതിയ കാബ് ഷാസി വാങ്ങിയശേഷം ഷാസിയിലാണ് കോൺക്രീറ്റ് മിക്സർ ഘടപ്പിച്ചത്. എന്ത് ലക്ഷ്യത്തിനാണോ വാഹനം വാങ്ങിയത് അതിനനുസരിച്ച് ഷാസി രൂപം മാറ്റുന്നതിൽ നിയമപരമായി തടസ്സമില്ല. നിർമാണസ്ഥലത്ത് മാത്രം ഉപയോഗിക്കുന്നതോ റോഡിലൂടെ ഓടിക്കാനാവാത്തതോ ആയ വാഹനത്തിന് ബാധകമായ നികുതി സമ്പ്രദായം റോഡിലൂടെ ഓടിക്കുന്ന തന്‍റെ വാഹനങ്ങൾക്ക് നിലനിൽക്കില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, എക്സ്കവേറ്ററുകൾ, ലോഡറുകൾ, കോംപാക്ടർ റോളറുകൾ, റോഡ് റോളറുകൾ, ഡംബറുകൾ, മോട്ടോർ ഗ്രേഡറുകൾ, സഞ്ചരിക്കുന്ന ക്രെയിനുകൾ, ബുൾഡോസറുകൾ, സ്വയം ലോഡ് ചെയ്യുന്ന കോൺക്രീറ്റ് മിക്ചർ മെഷീനുകൾ എന്നിവ പുതിയ നിയമ ഭേദഗതി പ്രകാരം ഒറ്റത്തവണ നികുതി അടക്കുന്ന വാഹനങ്ങളുടെ വിഭാഗത്തിൽ വരുമെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. കൺസ്ട്രക്ഷൻ എക്വുപ്മെന്‍റ് വാഹനങ്ങൾ എന്ന ഗണത്തിൽപെടുന്ന വാഹനങ്ങൾക്ക് ഈ നികുതി ഘടനയാണ് ബാധകമാവുക.
ഇത്തരം വാഹനങ്ങൾക്ക് നിയമപരമായി ഒറ്റത്തവണ നികുതി ഈടാക്കാനാവുന്നതാണെന്ന് സർക്കാറും വ്യക്തമാക്കി. റോഡിൽ ഓടുന്നതാണോ ജോലി സ്ഥലത്ത് നിർത്തിയിടുന്നതാണോയെന്നതിന് ഇക്കാര്യത്തിൽ പ്രസക്തിയില്ല.
ഹരജിക്കാരന്‍റെ വാഹനം ചരക്ക് വാഹനമായി ഉപയോഗിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡിലൂടെ ഓടുന്നുവെന്നതുകൊണ്ട് മാത്രം അത് കൺസ്ട്രക്ഷൻ എക്വുപ്മെന്‍റ് വെഹിക്കിൾ അല്ലാതാവുന്നില്ല. നിർമാണവുമായി മാത്രം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഈ വാഹനം. അതിനാൽ, ഒറ്റത്തവണ നികുതി ചുമത്തിയതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.