എ.ഐ കാമറക്ക് ഒരു വർഷം; പിഴ നോട്ടീസ് നിലച്ചിട്ട് മാസങ്ങൾ, കെട്ടിക്കിടക്കുന്നത് 31 ലക്ഷം ചലാനുകൾ
text_fieldsതിരുവനന്തപുരം: ഗതാഗത നിയമഘംഘനങ്ങൾ പിടികൂടുന്നതിനായി കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ എ.ഐ കാമറകൾ ഒരു വർഷം പിന്നിടും മുമ്പേ നിശ്ചലാവസ്ഥയിൽ. 2023 ജൂൺ അഞ്ചിനാണ് സംസ്ഥാനത്ത് എ.ഐ കാമറകൾ പിഴ ചുമത്തിത്തുടങ്ങിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകരം 56 ലക്ഷം ഗതാഗതക്കുറ്റങ്ങൾ പിടികൂടിയെങ്കിലും 31 ലക്ഷത്തോളം കേസുകളിൽ ചലാൻ അയക്കാനാകാതെ കൺട്രോൾ റൂമുകളിൽ കെട്ടിക്കിടക്കുകയാണ്.
നോട്ടീസ് തപാൽ വഴി അയക്കാനുള്ള ചുമതല കെൽട്രോണിനാണ്. പദ്ധതി ഒരു വർഷം പിന്നിട്ടിട്ടും ആറുമാസം വരെയുള്ള (2023 ഒക്ടോബർ) തുകയേ സർക്കാർ കെൽട്രോണിന് നൽകിയിട്ടുള്ളൂ. രണ്ട് ഗഡുവായി 22 കോടിയാണ് ഇനി നൽകേണ്ടത്. ഇത് എന്ന് നൽകുമെന്നും ഉറപ്പില്ല. കുമിഞ്ഞുകൂടിയ ചലാനുകൾ എന്ന് അയച്ച് തീർക്കാനാകും എന്നതിലും വ്യക്തതയില്ല.
കരാർ പ്രകാരം കാമറകളും കൺട്രോൾ റൂമുകളും സ്ഥാപിച്ച ഇനത്തിലെ ചെലവും നടത്തിപ്പ്, തപാൽ, മെയിന്റനൻസ്, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ ചെലവുകളും ഉൾക്കൊള്ളുന്ന തുക മൂന്നുമാസം വീതമുള്ള ഗഡുക്കളായാണ് കെൽട്രോണിന് കൈമാറേണ്ടത്. ഒരു ഗഡു 11 കോടി രൂപയാണ്. ഇതിൽ 7.5 കോടി, കാമറകളും മറ്റും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിച്ച ഇനത്തിലും ശേഷിക്കുന്നത് തപാൽ ഉൾപ്പെടെ പ്രവർത്തന ചെലവുമാണ്.
ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്ന കാലത്താണ് എ.ഐ കാമറകൾ ആരംഭിച്ചത്. മുന്നണിയിലെ ധാരണപ്രകാരം മന്ത്രി മാറിയതോടെ നടപടി ക്രമങ്ങളും ഇടപെടലുകളും കുറഞ്ഞു. അവലോകന യോഗങ്ങൾ പോലും ഇപ്പോൾ കൃത്യമായി നടക്കുന്നില്ല. കാമറ സ്ഥാപിച്ച് ആദ്യമാസം മുതലേ പിഴ നോട്ടീസ് അയക്കുന്നതിലെ ഇഴയൽ വലിയ പ്രശ്നമായിരുന്നു. ചലാനുകൾ കെട്ടിക്കിടക്കുന്നതോടെ സർക്കാറിന് പിഴ ഇനത്തിൽ ലഭിക്കേണ്ട വരുമാനമാണ് മുടങ്ങുന്നത്.
നേരത്തേ പിഴ ചുമത്തുന്ന സമയത്ത് എസ്.എം.എസ് ഉടമയുടെ ഫോണിലെത്തിയിരുന്നു. ഇപ്പോൾ അതും നിലച്ചു. ഒരു ദിവസം 10,000 മുതൽ 12,000 വരെ കുറ്റങ്ങളാണ് കാമറകൾ പിടികൂടുന്നത്. ഒരു ദിവസത്തെ ചലാനുകൾ തപാലിൽ അയക്കാൻ രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.