കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ
text_fieldsകൊച്ചി: സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റംകൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ചിട്ട് ഒരുവർഷം തികയുന്നു. ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രിൽ 25ന് സർവിസ് ആരംഭിച്ചത്. ഒരുവർഷത്തിനിടെ 19,72,247 പേർ വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി. ഫോർട്ട്കൊച്ചിയിലേക്കും വാട്ടർ മെട്രോയെത്തി. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരുമായി മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. മുരളി തുമ്മാരുകുടി, നടി മിയ ജോർജ്, പ്രഫ. എം.കെ. സാനു, റോയൽ ഡ്രൈവ് സി.എം.ഡി മുജീബ് റഹ്മാൻ, ദീപക് അസ്വാനി തുടങ്ങിയവർ കൊച്ചി വാട്ടർ മെട്രോയുടെ സേവനങ്ങൾ അനുഭവിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു. യാത്രക്കാർക്കായി വാട്ടർ മെട്രോ ടെർമിനലുകളിൽ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി. പെരുമാറ്റച്ചട്ടം അവസാനിച്ചുകഴിഞ്ഞ് ഔദ്യോഗിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാൻ കൊച്ചി വാട്ടർ മെട്രോക്ക് സാധിച്ചെന്ന് അധികൃതർ പറഞ്ഞു. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ പ്രധാന വെല്ലുവിളിയാണ്. കുമ്പളം, പാലിയംതുരുത്ത്, വെല്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവിസ് ആരംഭിക്കാനാകും.
സെപ്റ്റംബറോടെ അഞ്ച് ബോട്ടുകൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്യാർഡ് അറിയിച്ചിട്ടുണ്ട്. വാട്ടർ മെട്രോ ടെർമിനലുകളിലേക്ക് എത്താനും അവിടെ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാനും സഹായകരമാകാൻ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കാനാണ് ശ്രമം. ഇതിനായി വിവിധ പദ്ധതികൾ പരിഗണനയിലാണെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.