പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി- വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത വര്‍ഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണം കൂടി ഇതിലുണ്ടാകും.
ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രമേഹ നിയന്ത്രണത്തിന്റെ ശാസ്ത്രീയവും നൂതനവുമായ ചികിത്സാ വിധികളുടെ പരിശീലനത്തോട് കൂടിയാണ് ഈ സഹകരണം ആരോഗ്യ വകുപ്പ് ആരംഭിക്കുന്നത്. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന വൃക്കരോഗങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറല്‍ ന്യൂറോപ്പതി തുടങ്ങിയ സങ്കീര്‍ണതകള്‍ കൂടി കണ്ടെത്തുന്നതിനും ചികിത്‌സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവുമാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തില്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി ഒരു അന്താരാഷ്ട്ര സെമിനാര്‍ നടത്തുന്നതിന് പദ്ധതിയുണ്ട്. ദേശീയവും അന്തര്‍ ദേശീയവുമായിട്ടുള്ള പ്രമേഹ രോഗ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് സംസ്ഥാനത്തിന് പ്രമേഹ രോഗ ചികിത്സയില്‍ റോഡ്മാപ്പ് സൃഷ്ടിക്കുന്നതിനായി ഈ സെമിനാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ സെമിനാറിനുണ്ട്. ഈ സെമിനാറിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യവകുപ്പിലെയും ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത്.
'തടസ്സങ്ങള്‍ നീക്കാം, വിടവുകള്‍ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം' എന്നുള്ളതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗികളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ക്ഷേമം തടസ്സങ്ങളില്ലാതെ ഉറപ്പുവരുത്തുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നല്ല വ്യായാമത്തിലൂടെ, ചിട്ടയായ ജീവിതത്തിലൂടെ, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ, വ്യക്തികളും സമൂഹവും പ്രമേഹത്തെ പ്രതിരോധിക്കുക അതിലൂടെ ആരോഗ്യപരമായ ക്ഷേമം കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
മാനസിക പിരിമുറുക്കവും മറ്റ് മാനസിക അസ്വാസ്ഥ്യങ്ങളും ഒഴിവാക്കിക്കൊണ്ട് പ്രമേഹ രോഗത്തെ ചെറുക്കുക, ലഹരിയില്‍ നിന്നും മുക്തി നേടുക അതിലൂടെ പ്രമേഹ നിയന്ത്രണത്തിലേക്ക് എത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രമേഹരോഗ നിയന്ത്രണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. 30 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ഗൃഹസന്ദര്‍ശനം നടത്തി അവരുടെ വിവരങ്ങള്‍ 'ശൈലി' എന്ന ആപ്ലിക്കേഷനിലൂടെ ശേഖരിക്കുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലി നിയന്ത്രണ പരിപാടി സംസ്ഥാനത്ത് നടത്തുന്നുവെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.