കുസാറ്റ് ദുരന്തത്തിന് ഒരുവർഷം; കണ്ണീരുണങ്ങാതെ കാമ്പസ്
text_fieldsകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ കൂട്ടക്കരച്ചിലുകളുയർന്ന ദുരന്തരാവിന് ഇന്ന് ഒരുവർഷം. നാല് ജീവനുകൾ കവർന്ന അപകടത്തിന്റെ നടുക്കം ഇന്നും ഓപൺ എയർ ഓഡിറ്റോറിയത്തിന്റെ പരിസരത്ത് അടങ്ങാത്ത വിങ്ങലായി ബാക്കിയാകുകയാണ്. പ്രിയരുടെ വിയോഗങ്ങൾ തീർത്ത ശൂന്യതയിൽ സഹപാഠികളുടെ നൊമ്പരം പ്രദേശത്തെ ഇന്നും കണ്ണീരിലാഴ്ത്തുന്നു.
ഉത്സവ പ്രതീതിയിൽ ആഘോഷം അലതല്ലിയ രാത്രിയിലാണ് കാമ്പസിൽ ദുരന്തമുണ്ടായത്. സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിലെ ടെക്നിക്കല്‍ ഫെസ്റ്റായ ധിഷണയുടെ ഭാഗമായി ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ തുടങ്ങാനിരിക്കെ, വൈകീട്ട് ഏഴോടെ തിക്കിലും തിരക്കിലുംപെട്ടാണ് രണ്ട് പെൺകുട്ടികളടക്കം നാലുപേർ മരണപ്പെട്ടത്. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി (22), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവ്വക്കുന്നിൽ വയലപ്പിള്ളിൽ സാറ തോമസ്(22) എന്നീ വിദ്യാർഥികളും മുണ്ടൂർ എഴക്കാട് തൈപ്പറമ്പിൽ ആൽബിനുമാണ് (22) മരിച്ചത്. ഏതാനും വിദ്യാർഥികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ദുരന്തവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല. 600ഓളം പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിന് മുന്നിൽ 1500ഓളം പേരാണ് തടിച്ചുകൂടിയിരുന്നത്. അകത്തേക്ക് കയറാൻ മൂന്ന് വഴികൾ ഉണ്ടായിരുന്നെങ്കിലും ഒരുഗേറ്റിലൂടെ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. വരിവരിയായി അകത്തേക്ക് കയറാൻ സംവിധാനമില്ലാതിരുന്നതും താഴേക്ക് കുത്തനെയുള്ള പടവുകളുമൊക്കെ അപകടത്തിന്റെ ആക്കം വർധിപ്പിച്ചെന്നാണ് വിലയിരുത്തലുണ്ടായത്.
സംഭവത്തിൽ കഴിഞ്ഞ ഡിസംബറിൽ രജിസ്ട്രാർ ഓഫിസിനെ സംശയനിഴലിലാക്കുന്ന റിപ്പോർട്ട് സിൻഡിക്കേറ്റ് ഉപസമിതി സമർപ്പിച്ചിരുന്നു. തുടർന്ന് രജിസ്ട്രാർ ഓഫിസിലെ ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രിൻസിപ്പലിനെ മാറ്റിനിർത്തി. നിഖിത ഗാന്ധിയുടെ പരിപാടി നടക്കാൻ പോകുന്ന വിവരം പൊലീസിനെ രജിസ്ട്രാർ ഓഫിസ് അറിയിച്ചിരുന്നില്ലെന്ന റിപ്പോർട്ടുകളും വിവാദത്തിനിടയാക്കി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ജുഡീഷ്യൽ കമീഷൻ വരണമെന്ന ആവശ്യവുമായി അന്നത്തെ പ്രിൻസിപ്പൽ ഡോ. ദീപക് സാഹുവും രംഗത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച അഞ്ചുലക്ഷം കൂടാതെ മറ്റൊരു ധനസഹായവും നൽകിയില്ലെന്ന ആക്ഷേപവുമുണ്ട്. പരിപാടി നടക്കാതിരുന്നതിനെത്തുടർന്ന് ബാക്കിയായ സംഘാടന ഫണ്ട് കുടുംബങ്ങൾക്ക് നൽകണമെന്ന അഭിപ്രായമുയർന്നെങ്കിലും തീരുമാനമുണ്ടായില്ലെന്ന വിമർശനവും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.