കാസർകോട് ഭെൽ നിലച്ചിട്ട് ഒരു വർഷം
text_fieldsകാസർകോട്: ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനം അടച്ചിട്ടിട്ട് ഒരു വർഷമാകുന്നു. ഭെൽ ഇ.എം.എൽ കമ്പനി തുറന്നുപ്രവർത്തിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. കക്ഷി രാഷ്ട്രീയ പ്രതിനിധികളുടെ ഇടപെടലും വാഗ്ദാനങ്ങളും വിശ്വസിച്ച് കാത്തിരിക്കുകയാണ് ജീവനക്കാർ. മൂന്നു വർഷത്തോളമായി ശമ്പളമില്ലാത്തതിനാൽ തങ്ങളുടെ കുടുംബത്തിെൻറ പട്ടിണി മാറ്റാൻ കൂലിപ്പണിയെടുക്കേണ്ടിവന്ന ഉദ്യോഗസ്ഥരും കുറവല്ല. നിലവിൽ ഉൽപാദനപ്രവർത്തനങ്ങൾ നടക്കാത്ത കാസർകോട്ടെ ഭെൽ ഇ.എം.എൽ ഏറ്റെടുക്കൽ നടപടികളുമായി കേരളം മുന്നോട്ടാണെന്നും കേന്ദ്ര സർക്കാറിെൻറ അന്തിമ തീരുമാനത്തിനാണ് കാത്തിരിക്കുന്നതെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കഴിഞ്ഞ മാസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിെൻറ ഭാഗമായി ഭെൽ ഇ.എം.എൽ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചിരുന്നു. കമ്പനിയെ പൊതുമേഖലയിൽതന്നെ നിലനിർത്തുന്നതിനുള്ള ഇടപെടലുകളാണ് പ്രാരംഭമായി കേരള സർക്കാർ നടത്തിയത്. എന്നാൽ, ഇൗ നടപടികൾ ഫലം കണ്ടില്ല. തുടർന്ന് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഭെല്ലിെൻറ 51 ശതമാനം ഓഹരികൾ ഒരു രൂപ വിലക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ കേരള സർക്കാർ തലത്തിൽ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യത്തിലാണ് കേന്ദ്ര സർക്കാറിെൻറ അന്തിമ തീരുമാനത്തിന് കാത്തിരിക്കുന്നത്. ഫെബ്രുവരി 22ന് ജില്ലയിലെത്തിയ വ്യവസായമന്ത്രിയെ ജീവനക്കാരുടെ പ്രതിനിധികൾ വീണ്ടും കണ്ട് സംസാരിച്ചിരുന്നു.
എന്താണ് ഭെൽ ഇ.എം.എൽ പ്രതിസന്ധി
ഇന്ത്യൻ റെയിൽവേക്ക് ആവശ്യമായ വിവിധ ആൾട്ടർനേറ്റുകളാണ് കമ്പനിയുടെ ഉൽപന്നങ്ങൾ. തുടർച്ചയായ നഷ്ടം മൂലം പ്രവർത്തന മൂലധനത്തിലുണ്ടായ ശോഷണവും ഉൽപാദന വിതരണ പ്രക്രിയയിലുണ്ടായ തടസ്സങ്ങളുമാണ് പ്രതിസന്ധിക്ക് കാരണം. എക്സിക്യൂട്ടിവ് കാറ്റഗറിയിലുള്ള ജീവനക്കാരുടെ ശമ്പളം 2018 ഡിസംബർ മുതലും തൊഴിലാളികളുടെ ശമ്പളം 2018 ജനുവരി മുതലും നൽകിയിട്ടില്ല. കമ്പനിയുടെ അപേക്ഷപ്രകാരം 2018 ഫെബ്രുവരിയിൽ അഞ്ചു കോടി രൂപ കെ.എം.എം.എല്ലിൽ നിന്നും സർക്കാർ ലഭ്യമാക്കിയിരുന്നു. 2019 മാർച്ചിൽ 1.5 കോടി രൂപയുടെ സഹായവും നൽകി. 2020 സെപ്തംബറിൽ 15 ലക്ഷം രൂപയുടെ സഹായവും കേരള സർക്കാർ നൽകി.
കൈമാറ്റ നടപടികൾ നീണ്ടുപോയതിനാൽ 2018 ഡിസംബർ മുതൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ട് വിഹിതം അടക്കാത്തതിനാൽ വിരമിക്കുന്ന ജീവനക്കാർക്ക് പി.എഫ് പെൻഷനും ഗ്രാറ്റിവിറ്റിയും ലഭിച്ചിട്ടില്ല.
പ്രവർത്തന മൂലധനമില്ലാത്തതിനാൽ ഉൽപാദനം മുടങ്ങുകയും കൈവശമുണ്ടായിരുന്ന ഓർഡറുകൾ നഷ്ടപ്പെടുകയും ചെയ്ത കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു വർഷമായി ജീവനക്കാർ സമരത്തിെൻറ വഴിയിലാണ്. എസ്.ടി.യു നടത്തിയ റിലേ സത്യഗ്രഹം 198 ദിവസമായപ്പോഴാണ് ലോക്ഡൗൺ കാരണം കമ്പനി അടച്ചിട്ടത്. തുടർന്നാണ് ഈ വർഷം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.
കേന്ദ്ര സർക്കാറിനെതിരായ കോടതിയലക്ഷ്യ ഹരജി ഇന്നു പരിഗണിക്കും
കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി സംസ്ഥാന സർക്കാറിന് കൈമാറാനുള്ള തീരുമാനം മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും. കേന്ദ്ര സർക്കാറിനെതിരെയുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും ഹരജി നൽകിയിട്ടുണ്ട്.
ഭെൽ ഇ.എം.എൽ കമ്പനിയിലെ ജീവനക്കാരനും എസ്.ടി.യു ജനറൽ സെക്രട്ടറിയുമായ കെ.പി. മുഹമ്മദ് അഷ്റഫ് അഡ്വ. പി.ഇ. സജൽ മുഖേന നൽകിയ ഹരജിയിൽ ജസ്റ്റിസ് എൻ. നാഗരേഷാണ് കേന്ദ്ര ഘന വ്യവസായ വകുപ്പിന് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്. കമ്പനി കൈമാറാൻ ഇരു സർക്കാറുകളും വർഷങ്ങൾക്കു മുമ്പ് തീരുമാനിക്കുകയും സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കുകയും ചെയ്തെങ്കിലും കേന്ദ്ര ഘന വ്യവസായ വകുപ്പിെൻറ അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നൽകിയ ഹരജിയിൽ മൂന്നു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന് 2020 ഒക്ടോബർ 13ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കി കമ്പനി കൈമാറ്റത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ കോടതിയലക്ഷ്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രത്തിെൻറ പുതിയ ആവശ്യം.
സത്യഗ്രഹം തുടരുന്നു
ഭെൽ ഇ.എം.എൽ കമ്പനി കൈമാറ്റത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഭെൽ ജീവനക്കാർ കാസർകോട് ഒപ്പുമരച്ചുവട്ടിൽ നടത്തുന്ന അനിശ്ചിത കാല സത്യഗ്രഹം ഒന്നര മാസം പിന്നിട്ടു. കക്ഷിനേതാക്കളും മന്ത്രിമാരും സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു മടങ്ങിയിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരെ തിരുവനന്തപുരത്തെത്തിയും കണ്ടു. എങ്കിലും പുതിയ തീരുമാനമായിട്ടില്ല. അനുകൂല തീരുമാനമെന്നുണ്ടാവുമെന്നറിയാതെ സമരം തുടരുകയാണ് ജീവനക്കാർ.
സമരം 45ാം ദിവസത്തിലേക്ക്
കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം വ്യാഴാഴ്ച 45ാം ദിവസത്തിലേക്ക്. 44ാം ദിന സമരപരിപാടികൾ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. വി. പവിത്രൻ അധ്യക്ഷത വഹിച്ചു. പ്രദീപ് നാരായണൻ, ശ്രീജിത് മഞ്ചക്കൽ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി. അബ്ദുറഷീദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.