വിജ്ഞാപനം വന്നിട്ട് ഒരു വർഷം; ബൈസൺവാലി ഇപ്പോഴും ‘പുറത്ത്’
text_fieldsഅടിമാലി: ബൈസൺവാലി പഞ്ചായത്തിനെ ദേവികുളം താലൂക്കിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം വന്ന് ഒരു വർഷമാകുമ്പോഴും മോട്ടോർ വാഹന വകുപ്പ് ബൈസൺവാലി പഞ്ചായത്തിനെ ഇതുവരെയും ദേവികുളത്ത് ഉൾപ്പെടുത്തിയിട്ടില്ല.
2023 ഒക്ടോബർ 21നാണ് ബൈസൺവാലി പഞ്ചായത്തിനെ ഉടുമ്പൻചോല താലൂക്കിൽനിന്ന് വേർപെടുത്തി ദേവികുളം താലൂക്കിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. 16-11-2023ൽ ഇത് സംബന്ധിച്ച് കലക്ടർ താലൂക്ക് വിഭജന നടപടി സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയും ഉത്തരവിറക്കി.
റവന്യൂ വകുപ്പും മറ്റു വകുപ്പുകളും ബൈസൺവാലി പഞ്ചായത്തിനെ ദേവികുളം താലൂക്കിലേക്ക് മാറ്റി നടപടി സ്വീകരിച്ചു. ബൈസൺവാലി പഞ്ചായത്തിലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി ഇപപ്പോൾ ശ്രയിക്കുന്നത് ദേവികുളം താലൂക്കിനെയാണ്.
മോട്ടോർ വാഹന വകുപ്പിന് മാത്രം ബൈസൺവാലി പഞ്ചായത്ത് ഉടുമ്പൻചോല താലൂക്കിൽ തന്നെയാണ് ഇപ്പോഴും. നിലവിൽ ഡ്രൈവിങ് ടെസ്റ്റ്, ലൈസൻസ്, തുടങ്ങി മറ്റ് ആവശ്യങ്ങൾക്കെല്ലാം ബൈസൺവാലി പഞ്ചായത്തുവാസികൾ ഇപ്പോഴും ആശ്രയിക്കുന്നത് 42 കിലോമീറ്റർ ദൂരെ നെടുങ്കണ്ടത്ത് സ്ഥിതി ചെയ്യുന്ന ഉടുമ്പൻചോല സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനെയാണ്.
എന്നാൽ, ഇവിടെ നിന്ന് 20 കിലോമീറ്റർ മാത്രം ദൂരത്ത് അടിമാലിയിൽ പ്രവർത്തിക്കുന്ന ദേവികുളം സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലേക്ക് രേഖകൾ മാറ്റുന്നതിന് നടപടിയായില്ല.
ബൈസൺവാലി പഞ്ചായത്തിലെ ആളുകൾ വിവിധ ആവശ്യങ്ങൾക്ക് അടിമാലിയിൽ പ്രവർത്തിക്കുന്ന ദേവികുളം സബ് ആർ.ടി ഓഫിസിൽ എത്തിയപ്പോൾ നിലവിൽ ബൈസൺവാലി പഞ്ചായത്ത് മോട്ടോർ വാഹന വകുപ്പിന്റെ കണക്കിൽ ദേവികുളം താലൂക്കിന്റെ പരിധിയിലല്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയുണ്ടായി.
ഇടുക്കി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാത്തതാണ് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ദേവികുളം എസ്.ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥർ തന്നെ രണ്ട് തട്ടിലായാണ് പ്രവർത്തിക്കുന്നത്.
ബൈസൺവാലി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഡ്രൈവിങ് സ്കൂളുകളുണ്ട്. ഒരെണ്ണം ടീകമ്പിനിയിലും മറ്റൊന്ന് ബൈസൺവാലി ടൗണിലുമാണ് പ്രവർത്തിക്കുന്നത്.
ഇതിൽ ടീകമ്പനി ഡ്രൈവിങ് സ്കൂളിലെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡ്രൈവിങ് ടെസ്റ്റ് അടിമാലിയിൽ നടത്തിക്കൊടുക്കുകയും എന്നാൽ, ബൈസൺവാലിയിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലെ വിദ്യാർഥികളെ നെടുങ്കണ്ടത്തേക്ക് പറഞ്ഞുവിടുകയുമാണ് ചെയ്യുന്നത്.
ബൈസൺവാലി പഞ്ചായത്തിനെ ദേവികുളം താലൂക്ക് മോട്ടോർ വാഹന വകുപ്പ് ഓഫിസിന്റെ കീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് നിവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.