പെൻഷൻ മുടങ്ങിയിട്ട് ഒരുവർഷം; എച്ച്.ഐ.വി ബാധിതർ ദുരിതത്തിൽ
text_fieldsതിരുവനന്തപുരം: ഒരു വര്‍ഷത്തോളമായി പെന്ഷൻ ലഭിക്കാതെ സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതരും എയ്ഡ്സ് രോഗികളും. പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാനും മരുന്ന് ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകയാണ് നിരവധി രോഗികള്‍. സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷനായിരുന്നു ഇവർക്ക് ഏക ആശ്രയം. 2022 ഡിസംബർ വരെയുള്ള കുടിശ്ശിക തുകയായ 12.11 കോടി രൂപ നൽകാനുണ്ടെന്നാണ് രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നത്.
അർബുദം, ഹൃദ്രോഗം, ക്ഷയം എന്നീ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ് ഇവരിൽ പലരും. പ്രതിരോധശേഷി കുറഞ്ഞവരാണ് മിക്കവരും. 2012 മുതലാണ് എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ പെൻഷൻ അനുവദിച്ചത്. സർക്കാർ ആശുപത്രികളിലെ ആന്റി റിട്രോവൈറൽ സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് ചികിത്സ എടുക്കുന്നവർക്കും എ.ആർ.ടി കേന്ദ്രങ്ങൾ മുഖേനെ അപേക്ഷച്ചവർക്കുമാണ് ധനസഹായം. തുടക്കത്തിൽ 520 രൂപയാണ് പ്രതിമാസം പെൻഷൻ അനുവദിച്ചിരുന്നത്. പിന്നീടത് 1000 രൂപയാക്കി. 9353 പേരാണ് എച്ച്.ഐ.വി-എയ്ഡ്സ് ബാധിതരിൽ പെൻഷൻ ഗുണഭോക്തരായുള്ളത്.
സർക്കാർ സഹായം ലഭിക്കാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കുടിശ്ശിക നല്‍കണമെന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കുടിശ്ശിക ഉൾപ്പെടെ ധനസഹായം വിതരണം ചെയ്യുമെന്ന് അവർ പറഞ്ഞു. മുൻവർഷങ്ങളിൽ കുടിശ്ശിക വന്നപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് പെൻഷൻ അടിയന്തരമായി വിതരണം ചെയ്യാൻ നിർദേശിച്ചിരുന്നു. മാസങ്ങൾക്കുശേഷം വീണ്ടും മുടങ്ങി.
പെന്ഷന് പദ്ധതി ആരംഭിച്ച് 10 വര്‍ഷമായിട്ടും ഒരിക്കല്‍ പോലും ക്യത്യമായി കിട്ടിയിട്ടില്ല. സൗജന്യമായി സര്‍ക്കാര്‍ മരുന്ന് നല്‍കുന്നുണ്ടെങ്കിലും വാങ്ങാന്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ് പലർക്കും. വീട്ടുചെലവിനുപോലും പണമില്ലാതെ പലരും കഷ്ടപ്പെടുകയാണ്. പെന്ഷന് കുടിശ്ശക കിട്ടാതെ മരിച്ചവരും കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.