'ജീവിക്കണം'; പിഴയടച്ച രസീതുകൾ മാലയാക്കി അണിഞ്ഞ് യുവാവിന്‍റെ ഒറ്റയാൾ പ്രതിഷേധം
text_fieldsമഞ്ചേരി: ചെങ്കല്ല് കടത്തിയതിനു പൊലീസും റവന്യൂ വകുപ്പും അന്യായമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ച് യുവാവിൻറെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കകാടൻ റിയാസ് (36) ആണ് നഗരത്തിൽ ഒറ്റയാൾ സമരം നടത്തിയത്. തനിക്കും തൻറെ ക്വാറിയിലെ മറ്റുഡ്രൈവർമാർക്കും കിട്ടിയ പിഴയടച്ച രസീതുകൾ നൂലിൽ കോർത്ത് മാലയാക്കി കഴുത്തിൽ അണിഞ്ഞായിരുന്നു പ്രതിഷേധം.
ലോറി ഡ്രൈവറായ റിയാസിനും മറ്റു ഡ്രൈവർമാർക്കും ലോറിയിൽ കല്ലുകൊണ്ടുപോകുന്നതിനിടെ വിവിധ വകുപ്പ് അധികൃതർ അനാവശ്യമായി പിഴ ചുമത്തിയെന്നാണ് റിയാസ് പറയുന്നത്. 250 രൂപ മുതൽ 10,000 വരെ വിവിധ കാരണങ്ങൾ പറഞ്ഞു ഫൈൻ ഈടാക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് പറയുന്നു.
'മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കല് സർവീസിന് അനുമതി ഉണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം' എന്ന പ്ലക്കാർഡും പിടിച്ചായിരുന്നു വേറിട്ട പ്രതിഷേധം. തൻറെ വിഷമം ജനങ്ങളെ അറിയിക്കാനാണ് പ്രതിഷേധിച്ചതെന്നും റിയാസ് പറഞ്ഞു. പ്രതിഷേധത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.