കപ്പൽശാലയിലേത് സുരക്ഷവീഴ്ച; ദുരന്തം ഒഴിവാക്കാനാകുമായിരുന്നു
text_fieldsകൊച്ചി: കപ്പൽശാലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം സുരക്ഷവീഴ്ചയെന്ന് പ്രാഥമിക നിഗമനം. മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ജോലിക്കിടെയുണ്ടായ അപകടം സുരക്ഷ വിഭാഗത്തിെൻറ അശ്രദ്ധയിലേക്കാണ് വിരൽചൂണ്ടുന്നത്. വാതക ചോർച്ചയാണ് അപകടകാരണമെന്ന് കപ്പൽശാല അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഏത് വാതകം, ചോർച്ചക്കുള്ള കാരണം, പതിവുപരിശോധനയിൽ ചോർച്ച എന്തുകൊണ്ട് കണ്ടെത്താനായില്ല എന്നിവക്ക് ഉത്തരം ലഭിച്ചിരുന്നില്ല. ഇവ കണ്ടെത്തുന്നതിനാണ് കപ്പൽശാല, ഫോറൻസിക് വിഭാഗം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് എന്നിവ അന്വേഷണരംഗത്തുള്ളത്.
പൊട്ടിത്തെറിയുണ്ടായ വാട്ടർ ടാങ്കിൽ വെൽഡിങ്ങിന് ഉപയോഗിക്കുന്ന അസെറ്റിലിൻ വാതകം ഉണ്ടായിരുന്നതായാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അന്വേഷണ സംഘത്തിെൻറ പ്രാഥമിക നിഗമനം. തലേന്നത്തെ ജോലി അവസാനിച്ചതുമുതൽ രാവിലെവരെ അസെറ്റിലിൻ പടർന്നിരിക്കാം. എ.സി കമ്പാർട്ട്മെൻറിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പൽശാലയുടെ ചുമതലയുള്ള ജോയൻറ് ഡയറക്ടർ വി.കെ. അരുണെൻറ നേതൃത്വത്തിൽ ഇന്‍സ്പെക്ടര്‍ നിധീഷ് ദേവ്രാജ്, കെമിക്കല്‍ ഇന്‍സ്പെക്ടര്‍ എം.ടി. റെജി, സേഫ്ടി സെല്‍ ഇന്‍സ്പെക്ടര്‍ ലാല്‍ വര്‍ഗീസ് എന്നിവരാണ് സംഘത്തിലുള്ളത്.
പ്രാഥമിക റിപ്പോർട്ട് വകുപ്പ് ഡയറക്ടർ പി. പ്രമോദിന് കൈമാറി. വിശദ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളിൽ കൈമാറും. ഉയർന്ന മർദംമൂലമുള്ള പൊട്ടിത്തെറിയെന്നാണ് കരുതുന്നത്. അസെറ്റിലിൻ കത്തിയാൽ വിഷവാതകമാകും. അത് ശ്വസിച്ചതാകാം മരണകാരണമെന്ന് കരുതുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ അക്കാര്യങ്ങൾ വ്യക്തമാകൂവെന്ന് പ്രമോദ് പറഞ്ഞു. നേവൽ മറൈൻ വിഭാഗത്തിലെ മൂന്ന് വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ഫോറൻസിക് സംഘം രാവിലെയെത്തി പൊട്ടിത്തെറിയുണ്ടായ ടാങ്കും പരിസരവും പരിശോധിച്ചു.
സ്വതന്ത്ര അന്വേഷണം ഇപ്പോഴിെല്ലന്ന് കേന്ദ്രമന്ത്രി
കൊച്ചി: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കൊച്ചി കപ്പൽശാല ദുരന്തത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ഇപ്പോഴില്ലെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ. വിവിധ സമിതികളുടെ അന്വേഷണ റിപ്പോർട്ട് വന്നശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പൊട്ടിത്തെറിയുണ്ടായ ഒ.എൻ.ജി.സിയുടെ എണ്ണ പര്യവേക്ഷണ കപ്പലായ സാഗർ ഭൂഷണും പരിക്കേറ്റവരെയും സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.