ദക്ഷിണ കൊറിയയിൽ ഉള്ളികൃഷി: കൂട്ടമായെത്തി ഉദ്യോഗാർഥികൾ
text_fieldsകൊച്ചി: ദക്ഷിണ കൊറിയയിൽ ഉള്ളികൃഷിക്ക് സന്നദ്ധരായി നൂറുകണക്കിന് പേർ. സംസ്ഥാന സർക്കാറിന് കീഴിലെ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് വഴി വന്ന വിദേശ തൊഴിലവസരത്തിന് വെള്ളിയാഴ്ച എറണാകുളം ടൗൺ ഹാളിലാണ് സെമിനാർ നടന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇതര ജില്ലകളിൽനിന്നടക്കം ഏറെപേർ നേരേത്തതന്നെ എത്തിയിരുന്നു.
ദക്ഷിണ കൊറിയയിലെ കാർഷിക കമ്പനിയാണ് കേരളത്തിൽനിന്ന് തൊഴിലാളികളെ തേടിയത്. 10ാം ക്ലാസും കാർഷികമേഖലയിലെ പരിചയവും മാത്രമായിരുന്നു യോഗ്യത. ആൺ-പെൺ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 74,000 മുതൽ 1,12,000 രൂപ വരെ ശമ്പളവും നൽകുമെന്നായിരുന്നു അറിയിപ്പ്. സർക്കാർ സംവിധാനത്തിലൂടെ വന്ന തൊഴിലവസരമായതിനാൽ ഉയർന്ന വിദ്യാഭ്യാസമുള്ളവർപോലും അപേക്ഷിച്ചിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണം 5000 കവിഞ്ഞതോടെ രജിസ്ട്രേഷൻ നിർത്തി. തുടർന്ന് തിരുവനന്തപുരത്തും എറണാകുളത്തുമായി അപേക്ഷകർക്ക് ദക്ഷിണ കൊറിയയിലേക്കുള്ള റിക്രൂട്ട്മെൻറ് വിശദാംശങ്ങൾ അടങ്ങിയ സെമിനാർ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ എറണാകുളം ടൗൺ ഹാൾ പരിസരം സെമിനാറിൽ പങ്കെടുക്കാൻ എത്തിയവരെകൊണ്ട് നിറഞ്ഞു.
രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവരും രജിസ്റ്റർ ചെയ്തിട്ട് സെമിനാറിൽ പങ്കെടുക്കാൻ അറിയിപ്പ് ലഭിക്കാത്തവരും ഉൾപ്പെടെ എത്തിയതോടെ ടൗൺ ഹാൾ വളപ്പിനകത്ത് വലിയ ജനക്കൂട്ടമായി. ഇതോടെ പൊലീസ് എത്തി കവാടം അടച്ചു. തുടർന്ന് നീണ്ട ക്യൂവിൽ നിർത്തിയാണ് തൊഴിലന്വേഷകരെ ഹാളിനകത്തേക്ക് കടത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.