വട്ടപ്പാറ വളവിൽ വീണ്ടും അപകടം: ഉള്ളിലോറി മറിഞ്ഞു
text_fieldsവളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
ചൊവാഴ്ച രാവിലെ 6.20 ഓടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവർ രാജുവിന് നിസാര പരിക്കേറ്റു.
പ്രധാന വളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് റോഡരികിലാണ് ലോറി മറിഞ്ഞത്. പൊലീസ് എത്തിമേൽ നടപടികൾ സ്വീകരിച്ചു.
മൂന്നുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം നടന്ന് രണ്ടുമാസം തികയുന്നതിന് മുൻപേയാണ് വീണ്ടും അപകടം നടന്നത്. മാർച്ച് 17നായിരുന്നു മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ ദുരന്തം നടന്നത്. ലോറി ഡ്രൈവർ ചാലക്കുടി അലമറ്റംകുണ്ട് ചൂളക്കൽ ഉണ്ണികൃഷ്ണൻ (55), ലോറി ഉടമ ചാലക്കുടി വടക്കുഞ്ചേരി ഐനിക്കാടൻ ജോർജിന്‍റെ മകൻ അരുൺ ജോർജ് (28), മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങയിലെ ചിറ്റലാടിമേലു വീട്ടിൽ ശരത് (29) എന്നിവരാണ് അന്ന് മരിച്ചത് മരിച്ചത്.
നാസിക്കിൽനിന്ന് സവാളയുമായി ആലുവയിലേക്ക് പോവുകയായിരുന്ന ലോറി വട്ടപ്പാറ കൊടുംവളവിൽ നിയന്ത്രണംവിട്ട് സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ച മൂന്നുപേരും ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ കാബിൻ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
തിരൂർ ഡിവൈ.എസ്.പി ബിജുവിന്‍റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്‍റെ നേതൃത്വത്തിൽ വളാഞ്ചേരി, കുറ്റിപ്പുറം, കാടാമ്പുഴ സ്റ്റേഷനിലെ പൊലീസുകാരും തിരൂർ, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്നാണ് അന്ന് രക്ഷപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.