സവാള വില കുറയുന്നു
text_fieldsകോട്ടയം: വിദേശത്തുനിന്നടക്കം വിപണിയിലേക്ക് കൂടുതൽ സവാള എത്തിത്തുടങ്ങിയതോടെ വില കുറയുന്നു. കോട്ടയം മാർക്കറ്റിൽ ബുധനാഴ്ച ഒരുകിലോ സവാളയുെട വില 120-130 രൂപയായി താഴ്ന്നു. ദിവസങ്ങൾക്കുമുമ്പ് 180 വരെ എത്തിയ വിലയിലാണ് കുറവ്. 200 രൂപയിലെത്തിയ ഉള്ളി വിലയും കുറഞ്ഞുതുടങ്ങി.
തുർക്കിയിൽനിന്ന് വൻതോതിൽ സവാള ഇറക്കുമതി ചെയ്തിരുന്നു. ഇതിനൊപ്പം ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും സവാള എത്തുന്നുണ്ട്. ഇത് പ്രാദേശിക മാർക്കറ്റുകളിൽ എത്തിത്തുടങ്ങിയതാണ് വിലയിൽ പ്രതിഫലിച്ചത്. രാജ്യത്തെ പ്രമുഖ ഉള്ളി ഉൽപാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയിൽ വിളവെടുപ്പ് ആരംഭിച്ചതും വിലകുറയാൻ കാരണമായി. വില കുതിച്ചുയർന്നതോടെ വിൽപന കാര്യമായി കുറഞ്ഞിരുന്നു. ഇതും ഉള്ളിയുടെ സ്റ്റോക്ക് വർധിപ്പിച്ചു. ഈമാസം അവസാനത്തോെട വില 50ലേക്ക് എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ഉത്തരേന്ത്യയിൽ പ്രളയം വ്യാപകമായി കൃഷി നശിപ്പിച്ചതാണ് വിലവർധനക്കിടയാക്കിയത്. ഇതോടെ ഹോട്ടലുകളിലടക്കം ഉള്ളി ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞദിവസങ്ങളിൽ വളർച്ച പൂർണമാകുന്നതിനുമുമ്പ് കൃഷിയിടത്തിൽനിന്നും കൊണ്ടുവരുന്ന പച്ച സവാളയും ഉള്ളിയും സജീവമായിരുന്നു. പച്ച സവാള കിലോഗ്രാമിന് 130 രൂപയും പച്ച ഉള്ളി 110 രൂപയുമായിരുന്നു മൊത്തവില. ഒാരോദിവസവും 10 രൂപയോളമാണ് വിലയിൽ കുറവുണ്ടായിരിക്കുന്നത്. അടുത്തദിവസങ്ങളിലും ഇത് തുടരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.