ഓൺലൈൻ ബുക്കിങ് ഉയരുന്നു; ടിക്കറ്റ് കൗണ്ടറുകൾക്ക് താഴിടാൻ റെയിൽവേ
text_fieldsതിരുവനന്തപുരം: കൗണ്ടർ റിസർവേഷനെ മറികടന്ന് ഓൺലൈൻ ബുക്കിങ് കുതിച്ചുയരുന്നതോടെ ടിക്കറ്റ് കൗണ്ടറുകൾക്ക് താഴിടാനൊരുങ്ങി റെയിൽവേ. കോവിഡിന് മറവിലെ വെട്ടലുകൾക്ക് പുറമേയാണ് ജീവനക്കാരെ കുറയ്ക്കാനുള്ള പുതിയ നീക്കം. ഐ.ആർ.സി.ടി.സി വഴിയുള്ള സീറ്റ് റിസർവേഷന് സർവിസ് ചാർജ് ബാധകമാണെങ്കിലും അധിക തുക നൽകിയും യാത്രക്കാർ ഇ-ടിക്കറ്റിലേക്ക് ചുവടുമാറുകയാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
2022-23 സാമ്പത്തിക വർഷം ആകെ റിസർവ് ചെയ്ത 7706 ലക്ഷം ടിക്കറ്റുകളിൽ 4,313 ലക്ഷവും ഇ-ടിക്കറ്റുകളാണ്; 56 ശതമാനം. കോവിഡ് കാലമായ 2020-21ൽ ആകെ വിറ്റ 3053 ലക്ഷം റിസർവേഷൻ ടിക്കറ്റുകളിൽ 1740 ലക്ഷവും ഡിജിറ്റൽ ടിക്കറ്റുകളായിരുന്നു. ഈ കണക്കുകളുടെ പിൻബലത്തിലാണ് കൗണ്ടറുകൾ പൂട്ടാൻ ധൃതികൂട്ടുന്നത്.
തിരുവനന്തപുരം ഡിവിഷന് കീഴിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിലായി 143 ടിക്കറ്റ് കൗണ്ടറുകളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിത് 85 ആയി ചുരുക്കി. നേരത്തെ റിസർവേഷൻ കൗണ്ടറുകളും ജനറൽ ബുക്കിങ് കൗണ്ടറുകളും വെവ്വേറെയാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ പലയിടങ്ങളിലും ഇവ രണ്ടും ഒന്നിച്ചാക്കി. വിപുലമായ സൗകര്യങ്ങളാണ് നേരത്തെ റിസർവേഷന് എത്തുന്നവർക്കായി സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരുന്നത്. കൗണ്ടറുകളെല്ലാം ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായി ഇവയെല്ലാം വെട്ടിക്കുറച്ചു. ഇതോടെ സ്റ്റേഷനുകളിലും വലിയ തിരക്കും അസൗകര്യവുമാണ് അനുഭവപ്പെടുന്നത്. ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ വ്യാപകമാണെങ്കിലും ഇതൊന്നും പ്രാപ്യമല്ലാത്ത വലിയൊരു ശതമാനം ആളുകൾ ഇപ്പോഴുമുണ്ട്.
റെയിൽവേ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി കൗണ്ടറുകൾ കുറയ്ക്കാനും ഓൺലൈൻ, ഡിജിറ്റൽ ടിക്കറ്റ് വിതരണത്തിന് പ്രോത്സാഹനം നൽകാനുമായി പാർലമെന്റ് സമിതി ശിപാർശ പ്രകാരം സോണുകൾ ജനറൽ ടിക്കറ്റ് റിസർവേഷന് യു.ടി.എസ് ആപ് തയാറാക്കിയിരുന്നു. മുൻകൂട്ടിയുള്ള ടിക്കറ്റ് റിസർവേഷൻ ഭൂരിഭാഗവും ഐ.ആർ.സി.ടി.സിയെ ആശ്രയിക്കുമെങ്കിലും ജനറൽ ടിക്കറ്റുകൾക്ക് യു.ടി.എസ് ആപ്പിനെ ആശ്രയിക്കുന്നവർ 30 ശതമാനത്തിൽ താഴെയാണ്. ഈ സാഹചര്യത്തിലാണ് കൗണ്ടറുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം പ്രഹരമാകുന്നത്.
ഐ.ആർ.സി.ടി.സി വഴിയാണ് ഡിജിറ്റൽ റിസർവേഷനും ഭൂരിഭാഗം നടക്കുന്നത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് കണക്കിലെടുത്ത് റിസർവേഷനുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങൾ സമീപകാലത്ത് ഐ.ആർ.സി.ടി.സി മെച്ചപ്പെടുത്തിയിരുന്നു. ഒരേസമയം 1.5 ലക്ഷം പേരാണ് ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും ആപ്പിലുമായി എത്തുന്നതെന്നാണ് കണക്ക്. ഒരു മിനിറ്റിൽ ബുക്ക് ചെയ്യപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണമാകട്ടെ 28000 വരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.