ഓൺലൈൻ തട്ടിപ്പ്: കൊച്ചിയിൽ നഷ്ടമായത് 20 കോടി
text_fieldsകൊച്ചി: നാലുമാസത്തിനിടെ കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 20 കോടി രൂപ. ഷെയർ ട്രേഡിങ് ആപ്പുകൾ, കൊറിയർ തട്ടിപ്പ്, വ്യാജ വിദേശ കറൻസി ഇടപാട് എന്നിവ വഴിയും അന്തർ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ഇ.ഡി, സി.ബി.ഐ അടക്കമുള്ള ഏജൻസികളുടെ പേരിലുമാണ് വൻതോതിൽ തട്ടിപ്പ് നടക്കുന്നത്.
സിറ്റി പൊലീസ് പരിധിയിലെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ വ്യാജ കറൻസി ഇടപാടുകളുടെ പേരിൽ ഐ.ടി കമ്പനിയുടമയുടെ ഏഴ് കോടി, കൊറിയർ തട്ടിപ്പുവഴി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തിയിൽനിന്ന് അഞ്ചുകോടി, സെൻട്രൽ പൊലീസ് പരിധിയിൽ 3.5 കോടി, മരട് പൊലീസ് പരിധിയിൽ ആറുകോടി എന്നിങ്ങനെയാണ് വിവിധ വ്യക്തികളിൽനിന്ന് തട്ടിയെടുത്തത്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സംഘങ്ങളാണ് ഇത്തരം തട്ടിപ്പിന് പിന്നിൽ. ഇതിനായി സമൂഹ മാധ്യമങ്ങളിലെ വിവിധ സൗകര്യങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്. പൊലീസ് യൂനിഫോമണിഞ്ഞ് ഓഫിസ് സംവിധാനമടക്കം സജ്ജീകരിച്ചാണ് വിഡിയോകാളിലൂടെ ഇവർ ഇരകളെ ഭീഷണിപ്പെടുത്തുന്നത്. ഇതോടൊപ്പം ഇ.ഡി, സി.ബി.ഐ അടക്കമുള്ള ഏജൻസികളുടെ പേരിലും ഇരകളെ വലവീശുന്നുണ്ട്.
പരാതി നൽകുന്നതിൽ വരുന്ന കാലതാമസം ഇവർക്ക് സഹായകരമാകുകയാണ്. ഇതോടൊപ്പം പുതുതലമുറ ബാങ്കുകളുടെ മാനേജർമാർ അടക്കമുള്ളവരുടെ സഹായങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്. തട്ടിപ്പുസംഘം അന്തർ സംസ്ഥാനക്കാരായതിനാൽ ഇവരെ കണ്ടെത്തി പിടികൂടാൻ പൊലീസിന് പരിമിതികളുണ്ട്. എങ്കിലും നിരവധി പരാതികളിൽ പണം തിരികെ പിടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇരയാകാതിരിക്കാൻ കരുതുക -കമീഷണർ
കൊച്ചി: വ്യാപക ഓൺലൈൻ തട്ടിപ്പിൽ ഇരയാക്കപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാംസുന്ദർ. വ്യാജ ഫോൺകാളുകളിൽ കുരുങ്ങാതിരിക്കലാണ് പ്രഥമമായി ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു അന്വേഷണ ഏജൻസിയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടില്ല. പരിചയമില്ലാത്ത നമ്പറിൽനിന്നുള്ള വിഡിയോകാളുകൾ അറ്റൻഡ് ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതലോൺ ആപ്പുകളുൾപ്പെടെയുള്ളവ ഇൻസ്റ്റാൾ ചെയ്യരുത്. ബാങ്കിൽനിന്നാണെന്നോ കസ്റ്റമർകെയറിൽ നിന്നാണെന്നോ പറഞ്ഞ് വിളിച്ച് ഒ.ടി.പി നമ്പറുകൾ അടക്കം ചോദിക്കുന്ന തട്ടിപ്പുകളിലും വീഴരുത്. ഇനി അബദ്ധത്തിൽ പണം നഷ്ടമായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിശദ വിവരങ്ങൾ സഹിതം പരാതി രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.