വീണ്ടും ഓൺലൈൻ തട്ടിപ്പ്
text_fieldsകാഞ്ഞങ്ങാട്: കാസർകോട്: വലംപിരി ശംഖും ഏലസ്സുമൊക്കെ പോയി തട്ടിപ്പ് ഹൈട്ടെക്കായി മാറി. പണ്ടൊക്കെ റൂമിൽ മൺകലത്തിൽ അടച്ചുവെച്ചാൽ നിധികിട്ടും ഏലസ്സ് ധരിച്ചാൽ ധനാഗമനം ഉണ്ടാകും എന്നൊക്കെയായിരുന്നു തട്ടിപ്പെങ്കിൽ ഇന്നതുമാറി. എല്ലാം ഓൺലൈനായിരിക്കുന്നു. സാക്ഷരതയിൽ ഒന്നാം നമ്പറാണ് നമ്മളെങ്കിൽ കൂടുതൽ പറ്റിക്കപ്പെടുന്നതും നമ്മൾ മലയാളികളാണ്. സാക്ഷരത അത് എഴുതാനും വായിക്കാനും മാത്രമല്ല, ഇപ്പോൾ കമ്പ്യൂട്ടറിലും മറ്റ് സമൂഹമാധ്യമങ്ങളിലും ചെറുപ്രായമുള്ളവർ മുതൽ വയോധികർവരെ മിടുക്കുതെളിയിച്ചിരിക്കുന്ന ഘട്ടത്തിലാണ് അനേകമനേകം തട്ടിപ്പുകൾക്കും നാം ഇരയായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഓൺലൈൻ ലോൺ നൽകാമെന്നു വിശ്വസിപ്പിച്ച് ദമ്പതികളുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വെള്ളിക്കോത്തെ യുവതിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ജനുവരി 12ന് ഇവരുടെ ഭർത്താവിന്റെ ഫേസ്ബുക്ക് പേജിൽ കണ്ട പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് തുടക്കം. തുടർന്ന് തട്ടിപ്പുസംഘം ദമ്പതികളെ നേരിട്ടും വാട്സ്ആപ് വഴിയും ബന്ധപ്പെട്ടു. ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രൊസസിങ് ചാർജ് എന്ന പേരിൽ ഗൂഗിൾ പേ വഴി 63,500 രൂപ തട്ടിയെടുക്കുകയായിരുന്നു. ലോണോ അടച്ച പണമോ തിരിച്ചുനൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഒ.ടി.പി കൈമാറരുതേ...
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരുടെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ഒ.ടി.പിയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് ഭൂരിഭാഗംപേർക്കും അറിയാം. പക്ഷെ, എന്നാലും തട്ടിപ്പിനിരയാവും. ‘എല്ലാം അറിയാം എന്നാലും ഒരു അബദ്ധം പറ്റി’ എന്നാണ് പരാതിയുമായെത്തുന്നവർ പൊലീസിനോട് പറയുന്നത്. ഓൺലൈനിലൂടെ പണക്കാരനാകുമെന്ന് കരുതി സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെക്കാതെയാണ് പലരും തട്ടിപ്പിന് തലവെക്കുന്നത്. ഒ.ടി.പി പങ്കുവെച്ച് പണം നഷ്ടമായതിൽ ബാങ്ക് ജീവനക്കാർ വരെയുണ്ട്.
പഠിപ്പും ജോലിയുമുണ്ട്, എന്നിട്ടും
വിദ്യാഭ്യാസവും ജോലിയുമുള്ളവരാണ് കൂടുതലായും തട്ടിപ്പിനിരാകുന്നതെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ. ഓഹരി ഇടപാടുകൾ, ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങൽ, ഗിഫ്റ്റ് വൗച്ചർ, ലോൺ ആപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചതിക്കുഴികളിൽ മലയാളികൾ എളുപ്പത്തിൽ വീഴുന്നുണ്ട്. ഇത്തരം തട്ടിപ്പിനിരയാകുന്നതിൽ കൂടുതലും സ്ത്രീകളാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വന്‍ സാമ്പത്തികനേട്ടവും പിടിക്കപ്പെടാനുള്ള സാധ്യതക്കുറവുമാണ് മലയാളികൾ ഇത്തരം തട്ടിപ്പിന് പിന്നാലെ പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. പൊലീസിന്റെ അറിയിപ്പുകളും തട്ടിപ്പ് വാർത്തകളും എത്ര വന്നാലും മലയാളികൾ പഠിക്കുന്നില്ലെന്നാണ് സൈബർ പൊലീസ് പറയുന്നത്. ഇത് മുതലെടുത്താണ് മലയാളി തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താൽ കോവിഡിന് ശേഷം സൈബര്‍ തട്ടിപ്പുകളില്‍ വലിയവര്‍ധന ഉണ്ടായിട്ടുണ്ട്. 2020ല്‍ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 426 ആണ്. എന്നാല്‍, അത് 2022 ആയപ്പോള്‍ അത് ഇരട്ടിയോളം വര്‍ധിച്ച് 815 ആയി. ഇതിൽനിന്ന് നമുക്ക് നമ്മുടെ അശ്രദ്ധ മനസ്സിലാക്കാം.
ഉടൻ പരാതിപ്പെടണം
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. എവിടെ പരാതിപ്പെടുമെന്ന് അറിയാത്തതിനാൽ ഒരുപാടുപേർ തട്ടിപ്പ് വിവരം പുറത്തുപറയാറില്ല. പൊലീസ് സ്റ്റേഷനുകളിലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതിപ്പെടാം. മാനഹാനി ഭയന്നും പുറത്തുപറയാത്തവർ ഏറെ. ഒരാളുടെ അറിവും സമ്മതവുമില്ലാതെ ആരും ഓൺലൈൻ തട്ടിപ്പിനിരയാകില്ലെന്നാണ് സൈബർ പൊലീസിന്റെ പക്ഷം. അധികവരുമാനം പ്രതീക്ഷിച്ച് പലരും തട്ടിപ്പില്‍ അങ്ങോട്ടുചെന്ന് ചാടുകയാണ്.
ഫേസ്ബുക്കും ചിലപ്പോൾ പണി തരും
നമ്മുടെ മൊബൈലിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും വരുന്ന ലിങ്കുകൾ ഫോട്ടോ സഹിതമുള്ള വ്യാജ ഫ്ലിപ്കാർട്ട് സൈറ്റും ആമസോൺ സൈറ്റും വൻ ഓഫറുകൾ കാട്ടി പരസ്യമുണ്ടാകും. അതിൽ ചെറിയ കാഷായാണ് ഓഫറുകളിൽ കാണിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മളിൽ പലരും അത് ബുക്ക് ചെയ്യുകയും ചെയ്യും. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സാധനം ഡെലിവറി ആവാതിരിക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാവുക.
നമ്മളുടെ സെർച്ച് ബാറിൽ എപ്പോഴെങ്കിലും ക്രെഡിറ്റ് കാർഡിനോ മറ്റോ തിരഞ്ഞെങ്കിൽ ഓൺലൈൻ തട്ടിപ്പുകാർ ഇത് മനസ്സിലാക്കി ധാരാളും പരസ്യ ലിങ്കുഷൾ നമ്മുടെ ഫേസ്ബുക്ക് പേജിലോ മറ്റോ അയക്കും. നമ്മളറിയാതെ ഇതിൽ ക്ലിക് ചെയ്താൽ ഒ.ടി.പി അടക്കം ചോദിക്കും. നമ്മൾ അതിൽ എന്റർ ചെയ്താൽ ഓട്ടോമാറ്റിക്കായി അക്കൗണ്ടിൽനിന്ന് കാഷും പോകും. ഇങ്ങനെ ധാരാളും തട്ടിപ്പ് നടന്നതായി സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തട്ടിപ്പിൽ വീഴാതിരിക്കാൻ അപരിചിത ലിങ്കുകൾ തുറക്കരുത്. പണം നഷ്ടമായാൽ ഉടൻ ക്രെഡിറ്റ്/ഡെബിറ്റ്കാർഡ് ബ്ലോക്ക് ചെയ്യുക.
ആപ്പുകൾ പ്ലേസ്റ്റോറിൽനിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.പിൻനമ്പർ ആരുമായും പങ്കുവെക്കരുത്. ആവശ്യമില്ലെങ്കിൽ എ.ടി.എം-ക്രെഡിറ്റ് കാർഡിലെ അന്താരാഷ്ട്ര വിനിമയസംവിധാനം ഓഫ് ചെയ്തിടുക.
അശ്രദ്ധ മുതലാക്കുന്ന തട്ടിപ്പുകാർ
നിങ്ങളുടെ അശ്രദ്ധകൊണ്ട് നടന്ന തട്ടിപ്പാണെങ്കിൽ ബാങ്കിൽ അറിയിക്കുന്നതുവരെയുള്ള നഷ്ടം അക്കൗണ്ട് ഉടമ സഹിക്കേണ്ടിവരും. അതായത്, അന്യനായ ഒരാൾക്ക് നമ്മുടെ ഒ.ടി.പി, പിൻ നമ്പർ എന്നിവ കൊടുത്തതാണെങ്കിൽ (ബാങ്കിൽനിന്നുപോലും ഇവ ചോദിക്കാറില്ല). ഇങ്ങനെ നടന്ന തട്ടിപ്പിൽ ബാങ്കിൽ പരാതി പറഞ്ഞാൽ ബാങ്കിനെ അറിയച്ചതിന്റെ അക്നോളജ്മെന്റ് നമ്പർ വാങ്ങി സൂക്ഷിക്കണം. ബാങ്കിൽ അറിയിച്ചശേഷവും തട്ടിപ്പ് തുടർന്നാൽ പണം ബാങ്ക് നൽകും.
തട്ടിപ്പിനിരയായ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, അവർ ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്, ജില്ല, അവരുടെ അക്കൗണ്ട് ഏത് ബാങ്കിലാണെന്നും എത്ര തുകയാണ് നഷ്ടപ്പെട്ടതെന്നും പറയണം. ഏത് മാർഗത്തിലൂടെയാണ് പണം നഷ്ടമായത്, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ, യു.പി.ഐ ഐഡി തുടങ്ങിയവ പരാതിക്കൊപ്പം നൽകണം.
ഗൂഗിള്‍ പേ പഴി പ്രശ്നം നേരിട്ടാൽ ?
ഗൂഗിൾ പേ വഴി നമുക്ക് മിക്കപ്പോഴും പ്രശ്നങ്ങൾ നേരിടാറുണ്ട്. പണം പോയതും കുറവല്ല. ഇതിന് 1800-419-0157 എന്ന നമ്പറിലൂടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം. വിളിക്കുമ്പോള്‍ ഗൂഗിള്‍ പേ ജനറേറ്റ് ചെയ്ത സ്ഥിരീകരണ കോഡ് ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പാക്കനമെന്നേയുള്ളൂ. കോഡ് ജനറേറ്റ് ചെയ്യുന്നതിനായി സെറ്റിങ്സ് (Settings) തിരഞ്ഞെടുക്കുക. ശേഷം പ്രൈവസി ആന്‍ഡ് സെക്യൂരിറ്റിയില്‍ (Privacy and security) ക്ലിക് ചെയ്യുക. അടുത്തതായി ഗെറ്റ് ഒ.ടി.പി കോഡ് (Get OTP code) എന്നൊരു ഓപ്ഷന് ഉണ്ടാകും. അത് തിരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.